വൈദ്യുതി വിളക്കുകൾ തെളിയുന്നില്ല; ചക്കുവള്ളി ചിറ സാമൂഹിക വിരുദ്ധരുടെ താവളം
text_fieldsശാസ്താംകോട്ട: വൈദ്യുതി വിളക്കുകൾ കത്താതായതോടെ രാത്രി ചക്കുവള്ളി ചിറയുടെ പരിസരം സാമൂഹികവിരുദ്ധർ താവളമാക്കുന്നു. കുന്നത്തൂർ സബ് ആർ.ടി ഓഫിസിന്റെ ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന മൈതാനവും ചിറയുടെ ബണ്ടും പരിസരങ്ങളുമാണ് രാത്രി കഞ്ചാവ്-മദ്യ ഉപയോഗ സംഘങ്ങൾ കൈയടക്കിയത്.
ലഹരി സംഘങ്ങൾ തമ്മിലുള്ള സംഘർഷങ്ങളും പതിവാണ്. അഞ്ച് മാസം മുമ്പ് മൈതാനത്ത് ജോസ് കെ. മാണി എം.പിയുടെ ഫണ്ടിൽനിന്ന് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചെങ്കിലും രണ്ടുമാസമായി പ്രവർത്തിക്കുന്നില്ല. ഇത് തകർത്തത് സാമൂഹികവിരുദ്ധ സംഘമാണെന്നും പരാതിയുണ്ട്.
ചിറയുടെ ചുറ്റും ജില്ല പഞ്ചായത്ത് പദ്ധതിയിൽ വോക്-വേ നിർമിച്ചിരുന്നു. ഇതിനൊപ്പം വൈദ്യുതിവിളക്കുകൾ സ്ഥാപിച്ചിരുന്നെങ്കിലും ഇപ്പോൾ കത്തുന്നില്ല. ഇതോടെ വ്യായാമത്തിനായി എത്തിയിരുന്നവരും വരാതെയായി.
പൊലീസ്-എക്സൈസ് വകുപ്പുകൾ പരിശോധന കർശനമാക്കണമെന്നും വൈദ്യുതി വിളക്കുകളുടെ അറ്റകുറ്റപ്പണി നടത്തി വെളിച്ചം ഉറപ്പാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.