പൊലിഞ്ഞത് നിരവധി ജീവനുകൾ; കുന്നത്തൂർ പാലത്തിൽ സുരക്ഷ ഉറപ്പാക്കൽ വാക്കിൽ മാത്രം
text_fieldsശാസ്താംകോട്ട: അമ്പതിൽപരം ആളുകൾ ജീവനൊടുക്കിയ കുന്നത്തൂർ പാലത്തിൽ സുരക്ഷാസംവിധാനങ്ങൾ ഉറപ്പാക്കും എന്നുള്ള അധികാരികളുടെ വാക്ക് ജലരേഖയായി. കല്ലടയാറിന് കുറുകെ കുന്നത്തൂർ കൊട്ടാരക്കര താലൂക്കുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കുന്നത്തൂർ പാലത്തിന് 40 വർഷത്തിലേറെ പഴക്കമുണ്ട്. ഈ പാലത്തിന്റെ കൈവരികളുടെ ഉയരക്കുറവ് ആണ് ആത്മഹത്യകളുടെ എണ്ണം കൂട്ടുന്നത്. ഓരോ ആത്മഹത്യ നടക്കുമ്പോഴും അധികൃതർ സ്ഥിരം പല്ലവിയുമായി സ്ഥലത്ത് എത്തും.
തിരക്കേറിയ കൊട്ടാരക്കര-ഭരണിക്കാവ് പ്രധാന പാതയിലെ നീളമേറിയ പാലത്തിന്റെ കൈവരികൾക്ക് മുകളിലായി ഇരുമ്പ് വേലി സ്ഥാപിക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പുനൽകി നാട്ടുകാരുടെ പ്രതിഷേധത്തിൽ നിന്ന് തടിയൂരി അവർ രക്ഷപ്പെടും. എന്നാൽ നടപടി മാത്രം ഇനിയുമില്ല.
പാലത്തിന്റെ ഇരുവശങ്ങളിലും ഇരുമ്പ് വേലി സ്ഥാപിച്ച് സംരക്ഷണം ഒരുക്കാൻ വൈകിയാൽ ആത്മഹത്യകളുടെ എണ്ണം ഇനിയും വർധിക്കുമെന്ന് നാട്ടുകാർ പറയുന്നു. പാലത്തിൽ തെരുവ് വിളക്കുകൾ സ്ഥാപിച്ചെങ്കിലും ഇവ കത്താറില്ല. പാലത്തിന്റെ സമീപം രണ്ട് കരകളിലും ബസ് സ്റ്റോപ് ഉണ്ട്. ബസ് ഇറങ്ങി നടന്ന് എത്തുന്നവർ പാലത്തിൽനിന്ന് കല്ലടയാറ്റിലേക്ക് ചാടുന്നതാണ് പതിവ്. പകൽസമയങ്ങളിലാണ് മിക്കവരും ജീവനൊടുക്കിയിട്ടുള്ളത്.
ഓരോ വർഷവും ശരാശരി പത്ത് പേർക്ക് ഇവിടെ ജീവൻ നഷ്ടമായിട്ടുണ്ട്. പാലത്തിന്റെ ഉയരവും അഗാധമായ ഗർത്തവും താഴെയുള്ള പാറകളും മരണനിരക്ക് കൂടാൻ കാരണമാകുന്നു. രണ്ട് മീറ്റർ ഉയരത്തിലെങ്കിലും പാലത്തിന് ഇരുവശവും ഇരുമ്പ് വേലി സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കുന്നത്തൂർ-പവിത്രേശ്വരം എന്നീ രണ്ട് പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന പ്രദേശമായതുകൊണ്ട് ഇവർ കാര്യമായി ശ്രദ്ധിക്കാറിെല്ലന്ന് നാട്ടുകാർ പറയുന്നു. രാത്രികാലങ്ങളിൽ പൊലീസ് പട്രോളിങ് ഇവിടെ ശക്തമല്ല. രാത്രികാലങ്ങളിൽ അറവ് മാലിന്യം വാഹനങ്ങളിൽ എത്തിച്ച് പാലത്തിൽ നിന്ന് ആറ്റിലേക്ക് തള്ളുന്നതും പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.