തീപിടിത്തം: മുൻകരുതലുമായി അഗ്നിരക്ഷാസേന
text_fieldsശാസ്താംകോട്ട: വേനൽ കടുത്തതോടെ ശാസ്താംകോട്ട മേഖലയിൽ തീപിടിത്തം വർധിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ അഭ്യർഥനയുമായി ശാസ്താംകോട്ട അഗ്നിരക്ഷാസേന. ശാസ്താംകോട്ട അഗ്നിരക്ഷാസേന നിലയത്തിൽ കഴിഞ്ഞവർഷങ്ങളിൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ ഏകദേശം 75 ശതമാനവും പറമ്പുകളിലും തടാകതീരത്തും ഉണ്ടായ തീപിടിത്തങ്ങളായിരുന്നു.
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ചൂട് വർധിക്കുന്നതോടെ തീപിടിത്തസാധ്യതയും വർധിക്കുന്നു. ഈ സാഹചര്യത്തിലാണ് ശാസ്താംകോട്ട അഗ്നിനിരക്ഷാനിലയത്തിലെ സ്റ്റേഷൻ ഓഫിസർ എസ്. ജയചന്ദ്രൻ പൊതുജനങ്ങൾക്കായി നിർദേശങ്ങൾ സമർപ്പിച്ചത്.
വീടിനോട് ചേർന്നുള്ള പറമ്പുകൾ വൃത്തിയായി സൂക്ഷിക്കുകയും ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കാതിരിക്കുകയും ചെയ്യുക. ഏതെങ്കിലും സാഹചര്യത്തിൽ കത്തിക്കുകയാണെങ്കിൽ പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള സിഗരറ്റ് ലാമ്പുകൾ, പെയിന്റ് പാട്ടകൾ, സ്പ്രേ കുപ്പികൾ, പ്ലാസ്റ്റിക്കുകൾ മുതലായവ ഒഴിവാക്കുകയും ആവശ്യത്തിന് വെള്ളം സൂക്ഷിക്കുകയും ചെയ്യണം. വീടിനുസമീപത്തുള്ള കുറ്റിക്കാടുകൾ, അടിക്കാടുകൾ എന്നിവ കത്തിക്കാതിരിക്കുക. കാടുവെട്ടിത്തെളിച്ച് വീടും പറമ്പും തമ്മിൽ അഞ്ച് മീറ്റർ അകലം ഇടുക.
കാട്ടുതീ-പറമ്പുകളിൽ ഉണ്ടാകുന്ന തീ എന്നിവ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുക. ശാസ്താംകോട്ട കായൽ സന്ദർശിക്കാനെത്തുന്ന സഞ്ചാരികൾ കത്താൻ സാധ്യതയുള്ള വസ്തുക്കൾ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക.
തടാകവുമായി ബന്ധപ്പെട്ട് തീപിടിത്തം ഉണ്ടാവുന്ന സ്ഥലങ്ങളിൽ അഗ്നിരക്ഷാസേനയുടെ വാഹനത്തിന് പലപ്പോഴും എത്താൻ സാധിക്കാതെ തീ അനിയന്ത്രിതമായി കൂടുകയും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്യുന്നതിനാൽ ഇത്തരം പ്രദേശങ്ങളിൽ ഫയർ ബ്രേക്കുകൾ (തീ വ്യാപിക്കാതിരിക്കാൻ നിർമിക്കുന്ന അതിർവരമ്പ്) നിർമിക്കുക. ഇലക്ട്രിക് വാഹനങ്ങൾ വെയിലത്ത് ഏറെനേരം പാർക്ക് ചെയ്യാനോ ചാർജ് ചെയ്യാനോ പാടില്ല.
ശാസ്താംകോട്ട കായലിന്റെ തീരപ്രദേശങ്ങളും പുൽമേടുകളും സംരക്ഷിക്കുന്നതിന് പൊതുജനങ്ങളും അധികാരികളും ജാഗ്രത പുലർത്തണം. തീപിടിത്തം ഉണ്ടായാൽ അഗ്നിശമനസേനയുടെ ടോൾ ഫ്രീ നമ്പറായ 101ൽ വിളിച്ച് സേവനം ഉറപ്പാക്കണമെന്നും അഭ്യർഥനയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.