താരിഫ് നിശ്ചയിച്ചു; ഫ്ലോട്ടിങ് സോളാർ പദ്ധതി യാഥാർഥ്യത്തിലേക്ക്
text_fieldsശാസ്താംകോട്ട: പടിഞ്ഞാറെ കല്ലടയിലെ ഫ്ലോട്ടിങ് സോളാർ പദ്ധതി ഒടുവിൽ യാഥാർഥ്യമാകുന്നു. കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങാനുള്ള താരിഫ് നിശ്ചയിച്ച് ഉത്തരവായി. നേരത്തേ യൂനിറ്റ് വൈദ്യുതി വില സംബന്ധിച്ച് നാഷനൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപറേഷനും (എൻ.എച്ച്.പി.സി) കെ.എസ്.ഇ.ബിയും ധാരണയിൽ എത്താത്തതിനെതുടർന്ന് നിർമാണം നീളുകയായിരുന്നു. യൂനിറ്റിന് 3.04 രൂപ എന്ന നിരക്കിൽ കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങാനുള്ള താരിഫ് നിശ്ചയിച്ച് ജൂലൈ ഒന്നിനാണ് ഉത്തരവായത്.
ഒരു യൂനിറ്റിന് 3.18 രൂപ വേണമെന്നായിരുന്നു എൻ.എച്ച്.പി.സിയുടെ നിലപാട്. 2.45 രൂപയിൽ കൂടുതൽ നൽകാനാകില്ലന്ന് കെ.എസ്.ഇ.ബിയുടെ അറിയിച്ചതോടെ പദ്ധതി പ്രതിസന്ധിയിലായിരുന്നു. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി, കോവൂർ കുഞ്ഞുമോൻ എം.എൽ.എ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് വില സംബന്ധിച്ച് ധാരണയായത്.
300 കോടി രൂപ ചെലവഴിച്ച് 50 മെഗാ വാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നതാണ് പദ്ധതി. സ്വകാര്യവ്യക്തികളുടെയും പഞ്ചായത്തിന്റെയും ഉടമസ്ഥതയിലുള്ള വെള്ളക്കെട്ടായി മാറിയ 350 ഏക്കർ പാടശേഖരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഉൽപാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് നൽകും. ഈയിനത്തിൽ ലഭിക്കുന്ന വരുമാനത്തിൽ നിശ്ചിത ശതമാനം ഭൂവുടമകൾക്കും പഞ്ചായത്തിനും ലഭിക്കും. 25 വർഷത്തേക്കാണ് കെ.എസ്.ഇ.ബി സ്ഥലം പാട്ടത്തിന് എടുക്കുന്നത്. വെള്ളക്കെട്ടിന് മുകളിൽ ഫ്ലോട്ടും അതിന് മുകളിൽ സോളാർ പാനലും സ്ഥാപിച്ചാണ് വൈദ്യുതി ഉൽപാദനം. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭൂവുടമകളെ ഉൾപ്പെടുത്തി വെസ്റ്റ് കല്ലട നോൺ കൺവെൻഷനൽ എനർജി പ്രമോട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി രൂപവത്കരിച്ചിട്ടുണ്ട്. ജില്ല കലക്ടർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, കർഷക പ്രതിനിധികൾ എന്നിവർ ഡയറക്ടർമാരാണ്.
എട്ട് മാസത്തിനുള്ളിൽ പ്ലാന്റ് സ്ഥാപിച്ച് ഒരു വർഷത്തിനുള്ളിൽ വൈദ്യുതി കൈമാറ്റമാണ് പ്രതീക്ഷിക്കുന്നത്. നാഷനൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപറേഷനും കെ.എസ്.ഇ.ബിയും പവർ പർച്ചേസ് കരാർ ഒപ്പുെവക്കുന്നതോടെ പദ്ധതി യാഥാർഥ്യമാകും. ഛത്തിസ്ഗഢ് ആസ്ഥാനമായ അപ്പോളോ കമ്പനിക്കാണ് നിർമാണ ചുമതല. ഇവർക്ക് വർക്ക് ഓർഡർ ലഭിക്കുന്നതോടെ നിർമാണവും ആരംഭിക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.