കുന്നത്തൂർ താലൂക്ക് വികസന സമിതി യോഗം: കല്ലടയാറ്റിലെ മണൽ വാരൽ; കർശന നടപടിക്ക് തീരുമാനം
text_fieldsശാസ്താംകോട്ട: കല്ലടയാറ്റിൽ കുന്നത്തൂർ പഞ്ചായത്ത് കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃത മണൽവാരലിനെതിരെ നടപടി സ്വീകരിക്കുമെന്ന് കുന്നത്തൂർ താലൂക്ക് വികസന സമിതി യോഗത്തിൽ തീരുമാനം.
പഞ്ചായത്തുകളിലെ ടേക്ക് എ ബ്രേക്ക് കെട്ടിടങ്ങൾ ഉടൻ തുറന്ന് പ്രവർത്തിപ്പിക്കുന്നതിന് എല്ലാ പഞ്ചായത്ത് സെക്രട്ടറിമാർക്കും നിർദേശം നൽകി.
കുന്നത്തൂർ സബ് ആർ.ടി.ഒ ഓഫിസിന് സ്ഥലം കൈമാറുന്ന വിഷയം 19ന് എം.എൽ.എയുടെ നേതൃത്വത്തിൽ കലക്ടറുമായി ചർച്ച ചെയ്യുന്നതിന് തീരുമാനിച്ചു. ആഞ്ഞിലിമൂട്ടിൽ പള്ളിക്ക് സമീപം അപകടഭീഷണിയായി നിൽക്കുന്ന മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റുന്നതിന് ശാസ്താംകോട്ട സെക്രട്ടറിക്ക് നിർദേശം നൽകി. തകർന്ന ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ-കുറ്റിയിൽമുക്ക്-കോട്ടക്കകത്ത് മുക്ക്- കിഴക്കടത്ത് മുക്ക് റോഡിന് നിർമാണത്തിന് ഒരു കോടി രൂപ അനുവദിച്ചതായി എം.എൽ.എ അറിയിച്ചു. കരുനാഗപ്പള്ളിയിൽനിന്ന് രാത്രി 7.30ന് ശേഷം കുന്നത്തൂർ മേഖലയിലേക്ക് ബസ് ഇല്ലാത്തതിനാൽ കെ.എസ്.ആർ.ടി.സി സർവിസ് ആരംഭിക്കുന്നതിന് ഗതാഗത മന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചു.
മൈനാഗപ്പള്ളി റെയിൽവേ ഓവർ ബ്രിഡ്ജ് നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് ആവശ്യം ഉയർന്നു. താലൂക്കിലെ പട്ടയ അപേക്ഷകളിൽ പഞ്ചായത്ത് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകി. പോരുവഴി പട്ടികജാതി ഉന്നതി ഗ്രാമത്തിൽ താമസിക്കുന്ന ജനറൽ വിഭാഗത്തിന് പട്ടയം നൽകുന്നതിന് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിന് യോഗം തീരുമാനിച്ചു.
ചക്കുവള്ളി ചന്തയിലെ രൂക്ഷമായ മാലിന്യപ്രശ്നം പരിഹരിക്കുന്നതിന് പോരുവഴി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഭരണിക്കാവിലെ സിഗ്നൽ ലൈറ്റ് ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി യോഗം കൂടി ഉടൻ പ്രവർത്തിപ്പിക്കുന്നതിന് തീരുമാനിച്ചു. താലൂക്കിലെ റോഡ് നിർമാണം പൂർത്തിയാക്കുന്നതിന് ജലജീവൻ മിഷൻ, കിഫ്ബി, എൻ.എച്ച്, പി.ഡബ്ല്യു.ഡി എന്നിവരുമായി ചർച്ച നടത്തുന്നതിന് തീരുമാനിച്ചു.
ശാസ്താംകോട്ട മുതൽ ആഞ്ഞിലിമൂട് വരെയുള്ള റോഡരികിലെ അനധികൃത കച്ചവടങ്ങൾ ഒഴിപ്പിക്കുന്നതിന് പി.ഡബ്ല്യു.ഡി, പൊലീസ്, പഞ്ചായത്ത് എന്നിവരെ ചുമതലപ്പെടുത്തി.
കോവൂർ കുഞ്ഞുമോൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ. സുന്ദരേശൻ, പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിനു മംഗലത്ത്, പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഡോ. സി. ഉണ്ണിക്കൃഷ്ണൻ, മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ വർഗ്ഗീസ് തരകൻ, കുന്നത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വത്സലകുമാരി, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ തുണ്ടിൽ നഷാദ്, പ്രഫ. എസ്. അജയൻ, കാരാളി വൈ. സമദ്, സാബു ചക്കുവള്ളി, പുത്തൂർ സനിൽ, ഗ്രിഗറി യോഹന്നാൻ, ബിജു മൈനാഗപ്പള്ളി, വിവിധ വകുപ്പ് മേലധികാരികൾ, കൊല്ലം ഡെപ്യൂട്ടി കലക്ടർ (എൽ.ആർ), തഹസിൽദാർ, ഭൂരേഖ തഹസിൽദാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.