ശാസ്താംകോട്ട പഞ്ചായത്തിൽ മഴക്കാല പൂർവശുചീകരണം പാളിയെന്ന്
text_fieldsശാസ്താംകോട്ട: മഴക്കാല പൂർവശുചീകരണ പ്രവർത്തനം ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിൽ കാര്യക്ഷമമായി നടന്നില്ലെന്ന് പരാതി. ഗ്രാമപഞ്ചായത്ത് ഓഫിസിന് വിളിപ്പാടകലെ മുമ്പ് കെ.എസ്.ആർ.ടി.സി ഡിപ്പോയും ഇപ്പോൾ ചന്തയും പ്രവർത്തിക്കുന്ന സ്ഥലത്ത് അടക്കം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യം കുന്നുകൂടി കിടക്കുകയാണ്. സാംക്രമിക രോഗങ്ങൾ പടർന്ന് പിടിക്കാൻ സാധ്യത വരുത്തുന്ന ചന്തയിൽ നിന്നുള്ള മാലിന്യങ്ങളാണ് ഇവിടെ കുന്നുകൂടി കിടക്കുന്നത്.
ശാസ്താംകോട്ട ഗവ. താലൂക്ക് ആശുപത്രിയിൽ കെട്ടിടം പണി നടക്കുന്നതിനാൽ ആശുപത്രിയുടെ ഫിസിയോ തെറാപ്പി സെന്റർ പ്രവർത്തിക്കുന്നത് ഇവിടെയാണ്. ഇതിന്റെ മുൻ വശം ഉൾപ്പെടെയുള്ള സ്ഥലത്താണ് മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നത്. ദിനംപ്രതി നൂറ് കണക്കിന് ആളുകൾ എത്തുന്ന സ്ഥലമാണിത്.
പഞ്ചായത്ത് അധികാരികളോടും പഞ്ചായത്തിലെ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിലും ജനപ്രതിനിധികൾ അടക്കമുള്ളവർ മാലിന്യം നീക്കം ചെയ്യണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടങ്കിലും നടപടി മാത്രം ഉണ്ടായില്ലന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം തുണ്ടിൽ നൗഷാദ് പറയുന്നു.
ഓടയിൽനിന്നുള്ള മാലിന്യം റോഡിനു സമീപം തള്ളി
ശാസ്താംകോട്ട: ഓടയിൽനിന്ന് കോരിയെടുത്ത മണ്ണും മാലിന്യവും ശാസ്താംകോട്ട തടാകത്തിലേക്ക് ഇറങ്ങുന്ന റോഡിന് സമീപം തള്ളി. പ്ലാസ്റ്റിക്കുകളും, കുപ്പിച്ചില്ലുകളും, മഴയിൽ കുതിർന്ന മണ്ണും കഴിഞ്ഞദിവസവും ഈ റോഡിൽ തള്ളിയിരുന്നു. ശനിയാഴ്ചയും റോഡിൽ മാലിന്യം തള്ളുന്നത് അറിഞ്ഞ് ‘നമ്മുടെ കായൽ’ കൂട്ടായ്മ പ്രവർത്തകർ സ്ഥലത്തെത്തി.
മാലിന്യം പെട്ടിഓട്ടോയിൽ നിന്ന് ഇറക്കിയ തൊഴിലാളികളോട് അന്വേഷിച്ചപ്പോഴാണ് മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ഓടകളിൽ നിന്നും എടുക്കുന്ന മാലിന്യങ്ങളാണ് നിക്ഷേപിച്ചതെന്ന് അറിഞ്ഞത്. തുടർന്ന് പി.ഡബ്ലു.ഡി നിരത്ത് വിഭാഗം ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും റോഡിൽ തള്ളിയ മാലിന്യം മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
മഴ സമയത്ത് ഈ മാലിന്യങ്ങൾ ഒഴുകി നേരിട്ട് തടാകത്തിൽ പതിക്കും. തുടർന്ന് അവിടെ നിക്ഷേപിച്ച മണ്ണും മറ്റു മാലിന്യങ്ങളും കൊണ്ടുവന്ന് ഇട്ട വാഹനത്തിൽ തന്നെ തിരികെ കയറ്റി അയച്ചു. ‘നമ്മുടെ കായൽ’ കൂട്ടായ്മ കൺവീനർ എസ്. ദിലീപ് കുമാർ, സന്തോഷ്, രതീഷ് കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് മാലിന്യം നീക്കം ചെയ്യിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.