കളങ്ങര രാഘവൻ കരടികളിയിലെ കലർപ്പില്ലാത്ത കലാകാരൻ
text_fieldsശാസ്താംകോട്ട : ‘രണ്ടാം ലോകമഹായുദ്ധത്തിൻ കാലത്ത്-
ഗംഭീരമായൊരു വൈറസ് വന്നു. പ്ലേഗെന്ന പേരുള്ള വൈറസ്
നാട്ടിൽ പരന്ന് ലക്ഷങ്ങളെ കൊന്നൊടുക്കി....
താനിന്നെ താനിന്നെ തന്നാനാനി തിനെ
താനിന്നെ താനിന്നെ തന്നാനേ.....’
കരടികളിയെയും കരടിപ്പാട്ടിനെയും നെഞ്ചോട് ചേർത്ത കലാകാരൻ തേവലക്കര അരിനല്ലൂർ കളങ്ങര കിഴക്കതിൽ കളങ്ങര രാഘവൻ (69) എഴുതിയ വരികളാണിത്. ഇത് മാത്രമല്ല ഓഖിദുരന്തം, നിപ വൈറസ്, കൊറോണ, മലനടയിലെ വെടിക്കെട്ടപകടം, ചവറ-ശാസ്താംകോട്ട റോഡ് നിർമാണം തുടങ്ങിയ സമകാലിക സംഭവങ്ങളെക്കുറിച്ചും പുരാണ-ഇതിഹാസ സംഭവങ്ങളെ അടിസ്ഥാനമാക്കിയുമെല്ലാം ഇദ്ദേഹം നിരവധി കരടിപ്പാട്ടുകൾ എഴുതിയിട്ടുണ്ട്. ഓണാട്ടുകരയിലെ തനത് കലാരൂപമായിരുന്നു കരടികളി. ഇതിനെ പരിപോഷിപ്പിക്കുന്നതിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്നയാളാണ് കളങ്ങര രാഘവൻ.
ജന്മി-അടിയാൻ കാലഘട്ടത്തിൽ ജന്മിയുടെ വീട്ടിലേക്ക് കടന്ന് ചെല്ലാനും ആക്ഷേപഹാസ്യത്തിലൂടെ പരിഹസിക്കാനും വേണ്ടി സൃഷ്ടിച്ചതാണ് കരടികളിയെന്ന് ഇദ്ദേഹം പറയുന്നു. നിമിഷ കവി പാലുവേലിൽ വാധ്യാരാണ് കരടികളിയുടെ ഉപജ്ഞാതാവ്. കുമ്മി, കുമ്മികുരുട്, അമ്മാന എന്നീ മൂന്ന് രീതികളിലാണ് കരടി പാട്ടെന്നും ഇവിടെ കുമ്മി രീതിയിലാണ് പാടുന്നതെന്നും ഇദ്ദേഹം പറയുന്നു.
ഓണനാളുകളിലെ ഉത്രാടം-തിരുവോണം ദിവസങ്ങളിലാണ് കരടികളി വീടുകളിലെത്തുന്നത്. അരിനല്ലൂരിൽ കൂട്ടുകാരുമൊത്ത് വീടുവീടാന്തരം കരടികളിയുമായി ഓടിനടന്ന കുട്ടിക്കാലമാണ് കളങ്ങര രാഘവനെ കരടികളിയെ ഗൗരവമായി സമീപിക്കുന്നതിലേക്ക് നയിച്ചത്. 50 വർഷത്തിലധികമായി ഈ കലാരൂപത്തെ നിലനിർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും സജീവമായി രംഗത്തുണ്ട് ഇദ്ദേഹം. വലിയ മാടത്തിൽ വിക്രമൻ എന്ന കൂട്ടുകാരനിൽനിന്നാണ് കരടിപ്പാട്ടുകൾ ഹൃദ്യസ്ഥമാക്കിയത്.2006ൽ ഒരുപറ്റം ചെറുപ്പക്കാർ അരിനല്ലൂർ ജവഹർ ലൈബ്രറിയുടെ നേതൃത്വത്തിൽ കരടികളിയെ പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ രംഗത്ത് വന്നപ്പോൾ പ്രധാന പങ്കുവഹിച്ചതും ഇദ്ദേഹമാണ്. അന്ന് കരടിപ്പാട്ടുകൾ മാത്രം ഉൾപ്പെടുത്തി 500 പുസ്തകങ്ങളും 1000 സി.ഡികളും ജവഹർ ലൈബ്രറി സൗജന്യമായി വിതരണം ചെയ്തു.ഓണക്കാലത്ത് മത്സരാടിസ്ഥാനത്തിൽ ഇവിടെ കരടികളി സംഘടിപ്പിച്ചു വരുന്നു. തിരുവനന്തപുരത്തെ സംസ്ഥാന ഓണം വാരാഘോഷത്തിലടക്കം നാടിന്റെ വിവിധ ഭാഗങ്ങളിൽ ഓണക്കാലത്ത് ഇവർ കരടികളി അവതരിപ്പിക്കുന്നുണ്ട്. ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ കരടികളി സംഘങ്ങളും രൂപം കൊള്ളുന്നു.
പ്രാദേശികമായി നിരവധി അംഗീകാരം തേടിയെത്തിയിട്ടുണ്ടെങ്കിലും സർക്കാർ തലത്തിൽനിന്ന് അത്തരമൊരു അംഗീകാരം ഇദ്ദേഹത്തിന് ലഭിച്ചിട്ടില്ല. അപ്പോഴും മികച്ച കർഷകൻകൂടിയായ രാഘവൻ കരടികളിയെ ജനകീയമാക്കാനുള്ള പരിശ്രമങ്ങളുമായി മുന്നോട്ടു പോകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.