കുന്നത്തൂരിൽ കരവിഴുങ്ങി കല്ലടയാർ
text_fieldsശാസ്താംകോട്ട: കുന്നത്തൂർ ഗ്രാമപഞ്ചായത്തിൽ കല്ലടയാറിനോട് ചേർന്ന കരഭൂമി വ്യാപകമായി ആറ്റിൽ പതിക്കുന്നത് ഭീഷണിയാകുന്നു. കല്ലടയാർ കര കയറുന്നതുമൂലം ഏക്കർ കണക്കിന് കൃഷിഭൂമിയാണ് കർഷകർക്ക് നഷ്ടപ്പെട്ടത്. ഇതിനൊപ്പം വീടുകൾക്കും നാശം സംഭവിച്ചിട്ടുണ്ട്.
കാലവർഷക്കാലത്താണ് തീരം വ്യാപകമായി ഇടിയുന്നത്. ഇതിനാൽ ഓരോ മഴക്കാലത്തും ഭയപ്പാടോടെയാണ് തീരവാസികൾ കഴിയുന്നത്. ഞാങ്കടവ് പാലം മുതൽ കുന്നത്തൂർ പാലം വരെയും അതിന് തെക്കോട്ട് ചീക്കൽകടവ്പാലം വരെയുമാണ് വൻതോതിൽ കരയിടിച്ചിൽ സംഭവിച്ചത്. ഇവിടങ്ങളിൽ വൻ മരങ്ങളടക്കമാണ് കല്ലടയാറ്റിൽ പതിച്ചത്.
2018ലെ മഹാപ്രളയകാലത്താണ് കൂടുതൽ നാശനഷ്ടം സംഭവിച്ചത്. പ്രളയശേഷം വെള്ളമിറങ്ങിയപ്പോൾ പല ഭാഗത്തും കല്ലടയാറിെൻറ വിസ്തൃതി വർധിച്ചു. ഇഷ്ടികകളങ്ങളടക്കം തീരത്തെ ഭാഗികമായി കല്ലടയാർ വിഴുങ്ങി. കുന്നത്തൂരിലും ഐവർകാലയിലും വ്യാപകമായി കരഭൂമി ഇടിഞ്ഞുതാഴ്ന്നു. പിന്നാട്ട് കടവിൽ തെങ്ങുകളും കുന്നത്തൂർ പാലത്തിനുസമീപം കൂറ്റൻ വൃക്ഷങ്ങളും നിലകൊള്ളുന്നത് ഇപ്പോൾ ആറ്റിലാണ്.
കുന്നത്തൂർ കൊക്കാംകാവ് ക്ഷേത്രത്തിന് സമീപവും പിതൃതർപ്പണ കടവിലുമടക്കം കരയിടിഞ്ഞു. കുന്നത്തൂരിനൊപ്പം കുളക്കട, പവിത്രേശ്വരം, കിഴക്കേകല്ലട, പടിഞ്ഞാറെകല്ലട പഞ്ചായത്തുകളിലെയും സ്ഥിതി ഇതുതന്നെയാണ്.
കരിമ്പിൻപുഴ, ചെറുപൊയ്ക, പുത്തനമ്പലം, തോട്ടത്തുംമുറി, കരിന്തോട്ടുവ പ്രദേശങ്ങളുടെ തീരങ്ങളിലെ ജനങ്ങൾ ആശങ്കയുടെ നിഴലിലാണ് കഴിയുന്നത്. ഓരോ മഴക്കാലത്തും തങ്ങളുടെ ഭൂമി കല്ലടയാറ്റിൽ പതിക്കുന്നത് നോക്കി നിൽക്കാനേ അവർക്ക് കഴിയുന്നുള്ളൂ. റിവർ മാനേജ്മെൻറ് ഫണ്ട് ഉപയോഗപ്പെടുത്തി തീരമിടിച്ചിലിന് പരിഹാരം കാണാമെന്നിരിക്കെ അതിനും നടപടിയില്ല. തീരമിടിച്ചിലിന് പരിഹാരമായി നദിയുടെ തീരം പാറ കെട്ടി സംരക്ഷിക്കുന്നതിന് കോടികൾ ചെലവഴിക്കാമെന്നാണ് അധികൃതർ തന്നെ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.