ഇവിടെ ഒരു പാലം വന്നിരുന്നെങ്കിൽ...
text_fieldsശാസ്താംകോട്ട: ശൂരനാട് വടക്ക് കാഞ്ഞിരത്തുംകടവിൽ ഒരു പാലം വന്നിരുന്നെങ്കിലെന്ന് കൊല്ലം ജില്ലക്കാരും പത്തനംതിട്ടക്കാരും ഒരുപോലെ ആഗ്രഹിക്കുന്നു. ഇവിടം പാലത്തിന് വേണ്ടിയുള്ള രണ്ട് ജില്ലക്കാരുടെ കാത്തിരിപ്പിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ബജറ്റ് പദ്ധതി വന്നിട്ടുപോലും പാലം മാത്രം യാഥാർഥ്യമാകുന്നില്ല.
ഇപ്പുറത്ത് കൊല്ലം ജില്ലയിലെ ശൂരനാട്, കണ്ണമം പ്രദേശവും അപ്പുറത്ത് പത്തനംതിട്ട ജില്ലയിലെ പള്ളിക്കൽ ഭാഗവുമാണ്. പാലം വന്നാൽ രണ്ട് ജില്ലക്കാർക്കും ഏറെ പ്രയോജനമാണ്. ശൂരനാട്, കണ്ണമം മേഖലയിലുള്ള കുട്ടികൾ ഏറെയും പഠിക്കുന്നത് പത്തനംതിട്ട ജില്ലയിലെ പള്ളിക്കൽ, തെങ്ങമം ഹയർ സെക്കൻഡറി സ്കൂളുകളിലാണ്. അതുപോലെ പള്ളിക്കൽ ഭാഗത്തുള്ള കുട്ടികൾ ശൂരനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലും പഠിക്കുന്നുണ്ട്.
കേവലം അരകിലോമീറ്റർ ദൂരംപോലും ഇല്ലാത്ത സ്കൂളിലംത്താൻ നിലവിൽ അഞ്ച് കിലോമീറ്ററിലധികം ചുറ്റണം. ശൂരനാട് മേഖലയിലുള്ള വൈദ്യുതി ഉപഭോക്താക്കൾ പള്ളിക്കൽ ഇലക്ട്രിക് സെക്ഷന്റെ പരിധിയിലായതിനാൽ വൈദ്യുതി സംബന്ധമായ കാര്യങ്ങൾക്ക് അവിടെ നിരന്തരം പോകേണ്ടതായും വരും. അതുപോലെ പത്തനംതിട്ട ജില്ലയിലെ ചെറുകുന്നം, കൈതക്കൽ പ്രദേശത്തുള്ള നിരവധി കർഷകരുടെ കൃഷിഭൂമി ഏറ്റവും കൂടുതലുള്ളത് ഇപ്പുറത്തുമാണ്. ഇവർക്ക് കൃഷി ചെയ്യുന്നതിനും വിളവെടുക്കുന്നതിനും ഒക്കെ കിലോമീറ്ററുകൾ സഞ്ചരിക്കണം.
പാലം വന്നാൽ കൊല്ലം ജില്ലക്കാർക്ക് അടൂരിലെത്താനും പത്തനംതിട്ട ജില്ലക്കാർക്ക് ഭരണിക്കാവ്, ശാസ്താംകോട്ട മേഖലയിലെത്താനും എളുപ്പമാണ്. ബലിതർപ്പണത്തിന് അടക്കം ആയിരക്കണക്കിന് ആളുകൾ എത്തുന്ന വില്ല്യാടസ്വാമി ക്ഷേത്രവും ഇവിടെയാണ്.
പാലം വന്നാൽ ക്ഷേത്രത്തിന്റെയും പ്രദേശത്തിന്റെയും വികസനം യാഥാർഥ്യമാകും. ഇവിടെ പാലം ഇല്ലാത്തത് അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. കടവിൽ വെള്ളക്കുറവ് ഉണ്ടെന്ന ധാരണയിൽ പരിചയമില്ലാത്തവരും കുട്ടികളും തോട് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതും അപകടത്തിൽപ്പെടുന്നതും നിത്യസംഭവമാണ്. രണ്ട് ജില്ലക്കാരുടെയും നിരന്തര ആവശ്യത്തെ തുടർന്ന് അടൂർ എം.എൽ.എ ചെങ്ങറ സുരേന്ദ്രനും കുന്നത്തൂർ എം.എൽ.എ കോവൂർ കുഞ്ഞുമോനും പ്രത്യേക താൽപര്യമെടുത്ത് വർഷങ്ങൾക്ക് മുമ്പ് സംസ്ഥാന ബജറ്റിൽ നാല് കോടി രൂപ അനുവദിപ്പിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ മണ്ണ് പരിശോധന നടത്തുകയും പാലത്തിന്റെ ഡിസൈൻ പൂർത്തിയാക്കി സർക്കാറിന് സമർപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ, പിന്നീട് തുടർനടപടി ഉണ്ടായില്ല. ഇതോടെ പാലത്തിന് വേണ്ടിയുള്ള ജനങ്ങളുടെ കാത്തിരിപ്പും നീളുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.