അനന്തരം അവർ ഒന്നിച്ചു
text_fieldsശാസ്താംകോട്ട: പക്ഷിമൃഗാദികളും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ഹൃദയ ബന്ധത്തിന്റെ കഥകളിലൊന്നുകൂടി കേൾക്കൂ. അതൊരു പുനസമാഗമത്തിന്റെ മുഹൂർത്തം കൂടിയാണിത്.
പതാരം കുമരംചിറ ക്ഷേത്രത്തിന് സമീപം കുമ്പഴതയിൽ ഗവ. കരാറുകാരനായ കൃഷ്ണകുമാറിന്റെ വീട് വളർത്തുതത്തയെ തിരിച്ചുകിട്ടിയ ആഹ്ലാദത്തിലാണ്. ഉദ്ദേശം ഏഴ് മാസം മുമ്പ് കരുനാഗപ്പള്ളി മണപ്പള്ളിയിലെ ഒരു പെറ്റ് ഷോപ്പിൽ നിന്ന് 10-12 ദിവസം മാത്രം പ്രായമുള്ള തത്തയെ ഇവർ വാങ്ങുകയായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് വിക്കി കുടുംബത്തിലെ ഒരംഗമായിമാറി.
ഹ്രസ്വ ദൂരയാത്രകളിൽ കൃഷ്ണകുമാറിന്റെ തോളിലിരുന്ന് സ്കൂട്ടറിൽ യാത്ര ചെയ്യും. ദീർഘദൂര യാത്രകളിൽ കാറിലിരുന്ന് കുടുംബാംഗങ്ങളോടൊപ്പം യാത്ര ചെയ്യും. എന്നാൽ, ഈ മാസം രണ്ടിന് വിക്കി വീട്ടിൽ നിന്ന് പറന്നകന്നു. വീട്ടിൽ ഉണ്ടായിരുന്ന ഒരു ബന്ധു വിക്കിയെ കാണെ ഒരു വടി എടുത്തതോടെ ഭയചികിതയായ വിക്കി പറന്നകലുകയായിരുന്നു.
ഇതോടെ കുട്ടികൾ അടക്കം വീട്ടിലെ എല്ലാവരും ഏറെ ദുഖത്തിലായി. കൃഷ്ണകുമാറും കുടുംബവും സമീപപ്രദേശങ്ങളിൽ അരിച്ചു പെറുക്കിയെങ്കിലും കണ്ടുകിട്ടിയില്ല. ഇതോടെ കൃഷ്ണകുമാർ സമൂഹമാധ്യമങ്ങളിലൂടെ അഭ്യർത്ഥന നടത്തി. വ്യാപകമായി ഇത് പ്രചരിക്കപ്പെട്ടതോടെ ഒരു ദിവസം പത്തനംതിട്ടയിൽ നിന്ന് ഒരു യുവാവ് വിളിക്കുകയും അവരുടെ വീട്ടിൽ ഒരു തത്ത വന്നു കയറി എന്ന വിവരം അറിയിച്ചു. അന്വേഷിച്ച് അവിടെ എത്തിയ കൃഷ്ണകുമാറിനെ കണ്ടതോടെ ചിറകിട്ടടിച്ചും ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയും സ്നേഹം പ്രകടിപ്പിച്ചും വിക്കി കൃഷ്ണകുമാറിന്റെ തോളിൽ വന്നിരുന്നു.
പിന്നീട് ഈ വീട്ടുകാരുടെ സമ്മതത്തോടെ കൃഷ്ണകുമാർ വിക്കിയെ വീട്ടിലേക്ക് മടക്കി കൊണ്ടുവന്നു. തത്ത കൃഷ്ണകുമാറിന്റെ തോളിലിരുന്ന്, സ്കൂട്ടറിലിരുന്ന് യാത്ര തുടരുകയാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.