കെ.എസ്.ഇ.ബി ശാസ്താംകോട്ട സെക്ഷൻ; വൈദ്യുതി വിതരണം ഉറപ്പാക്കണമെന്ന ആവശ്യം ശക്തം
text_fieldsശാസ്താംകോട്ട: കെ.എസ്.ഇ.ബി ശാസ്താംകോട്ട സെക്ഷനിൽ ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കണമെന്ന ആവശ്യം ശക്തം. ഇതുസംബന്ധിച്ച് കോൺഗ്രസ് ബ്ലോക്ക് പഞ്ചായത്തംഗം തുണ്ടിൽ നൗഷാദ് ശാസ്താംകോട്ട ലീഗൽ സർവിസസ് അതോറിറ്റിയിൽ നൽകിയ പരാതി സെപ്റ്റംബർ രണ്ടിന് പരിഗണിക്കും.
ശാസ്താംകോട്ട സെക്ഷനിൽനിന്നാണ് ശാസ്താംകോട്ട, പടിഞ്ഞാറേ കല്ലട പഞ്ചായത്തുകൾക്ക് പൂർണമായും തേവലക്കര, മൺറോതുരുത്ത്, പോരുവഴി, കടമ്പനാട്, ശൂരനാട് മേഖലകളിൽ ഭാഗികമായും വൈദ്യുതി വിതരണം നടത്തുന്നത്.
ശാസ്താംകോട്ടയിൽനിന്ന് വിദൂര മേഖലകളായ കടമ്പനാട്, തേവലക്കര, മൺറോതുരുത്ത് തുടങ്ങിയ മേഖലകളിൽ വൈദ്യുതി സംബന്ധമായ തകരാറുകൾ ഉണ്ടായാൽ ശാസ്താംകോട്ടയിൽനിന്ന് ജീവനക്കാർ പോകേണ്ട സാഹചര്യമാണ്. ശാസ്താംകോട്ട തടാകവും ചേലൂർ പുഞ്ചയും കല്ലടയാറിന്റെ തീരങ്ങളും ഉൾപ്പെടുന്ന 55 ചതുരശ്ര കിലോമീറ്റർ പരിധിയിൽ കാൽ ലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട്. കെ.എസ്.ഇ.ബിയുടെ തുടക്കകാലത്ത് സ്ഥാപിച്ച സെക്ഷനിൽ ആനുപാതികമായി സ്റ്റാഫ് പാറ്റേൺ ഇനിയും ഉയർത്തിയിട്ടില്ല. ശാസ്താംകോട്ട 110 കെ.വി സബ് സ്റ്റേഷനിൽനിന്നുള്ള ഫീഡറുകളിലെ പരിപാലനത്തിനും അറ്റകുറ്റപ്പണികൾക്കും സബ് എൻജിനീയർമാർക്കാണ് ചുമതല. ഇതുമൂലം സമയബന്ധിതമായി സേവനങ്ങൾ ലഭിക്കാറില്ല. മഴയും കാറ്റും വന്നാൽ സ്ഥിതി രൂക്ഷമാകും.
ദിവസങ്ങളോളം വൈദ്യുതി മുടങ്ങുന്ന സാഹചര്യം പതിവായതോടെ ജനങ്ങൾ പ്രതിഷേധവുമായി കെ.എസ്.ഇ.ബി ഓഫിസിൽ എത്തുന്നത് സംഘർഷത്തിനും കാരണമാകുന്നുണ്ട്. 40 വർഷത്തോളം പഴക്കമുള്ള ട്രാൻസ്ഫോമറുകൾ ഉപയോഗിച്ചാണ് ഇപ്പോഴും വൈദ്യുതി വിതരണം നടത്തുന്നത്.
പുതിയ ട്രാൻസ്ഫോമറുകളും 11 കെ.വി ഫീഡറുകളും വേണമെന്ന ആവശ്യവും സബ് സ്റ്റേഷൻ 220 കെ.വി ശേഷിയിലേക്ക് ഉയർത്തുമെന്ന പ്രഖ്യാപനവും എങ്ങുമെത്തിയില്ല. ശാസ്താംകോട്ട ഫിൽറ്റർ ഹൗസിൽ സ്ഥാപിച്ചിട്ടുള്ള ഡെഡിക്കേറ്റർ ഫീഡറിൽനിന്നാണ് വീടുകൾക്കും സ്വകാര്യ സ്ഥാപന ങ്ങൾക്കും വൈദ്യുതി വിതരണം നടത്തുന്നത്. ഫിൽട്ടൽ ഹൗസിലെ ആവശ്യങ്ങൾക്ക് മാത്രമായാണ് ഈ സംവിധാനം സ്ഥാപിച്ചിട്ടുള്ളത്. പകരം സംവിധാനത്തിനു കെ.എസ്.ഇ.ബി തയാറായിട്ടില്ല.
ദിവസവും പത്തിലേറെ തവണ വൈദ്യുതി മുടങ്ങുന്ന സാഹചര്യം പല മേഖലകളിലുമുണ്ട്. ഇത് ഒഴിവാക്കണമെന്നും മെച്ചപ്പെട്ട സേവനം ഉറപ്പാക്കാൻ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് തുണ്ടിൽ നൗഷാദ് താലൂക്ക് ലീഗൽ സർവിസസ് അതോറിറ്റിയിൽ ഹരജി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.