സ്ഥലം അന്യാധീനത്തിൽ; കുന്നത്തൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ പേരിലൊതുങ്ങുന്നു
text_fieldsശാസ്താംകോട്ട: കുന്നത്തൂരിൽ കെ.എസ്.ആർ.ടി.സി ഡിപ്പോ ഉണ്ടോ ഇല്ലയോ എന്നതിൽ ഇപ്പോഴും സംശയം ബാക്കി. ഡിപ്പോക്ക് വേണ്ടി വിട്ടുകൊടുത്ത സ്ഥലം റവന്യൂവകുപ്പിന്റെ കൈയിലാണെന്നാണ് പുതിയ കണ്ടെത്തൽ. ഓപറേറ്റിങ് സെന്റർ എന്ന നിലയിൽതന്നെയാണ് ഇപ്പോഴും ഡിപ്പോ.
ഒാരോ നിയമസഭ മണ്ഡലത്തിലും ഓരോ കെ.എസ്.ആർ.ടി.സി ഡിപ്പോ എന്ന നയത്തിന്റെ ഭാഗമായാണ് 2010ൽ ശാസ്താംകോട്ടയിൽ കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സെൻറർ ആരംഭിച്ചത്. ഇതിനുവേണ്ടി പഞ്ചായത്തിന്റെ അധീനതയിൽ ചന്ത പ്രവർത്തിച്ചിരുന്ന 40 സെൻറ് റവന്യൂ ഭൂമി വിട്ടുനൽകി. ശാസ്താംകോട്ടയിലെ വ്യാപാരിവ്യവസായികൾ 10 ലക്ഷം രൂപ ചെലവഴിച്ച് ഓഫിസ് കെട്ടിടവും പണിത് നൽകി. ഉദ്ഘാടനവേദിയിൽ അന്നത്തെ ഗതാഗതമന്ത്രി എൻ. ശക്തൻ പ്രഖ്യാപിച്ചത് ഇത് ഓപറേറ്റിങ് സെൻററായല്ല, ഡിപ്പോ ആയിത്തന്നെ ഉദ്ഘാടനം ചെയ്യുകയാെണന്നാണ്.
ഒരു സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെയുള്ള ഓഫിസ് സംവിധാനവും പുതിയ ചില സർവിസുകളും പ്രഖ്യാപിച്ചാണ് പ്രവർത്തനം തുടങ്ങിയത്. പിന്നീട് കെ.എസ്.ആർ.ടി.സിയുടെ ആവശ്യപ്രകാരം കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ പ്രാദേശികവികസന ഫണ്ടിൽ നിന്നുള്ള ഒരു കോടി രൂപ ചെലവഴിച്ച് ബസ് ബേയും നിർമിച്ചു. ഗ്യാരേജ് വേണമെന്ന പിന്നീടുള്ള കെ.എസ്.ആർ.ടി.സിയുടെ ആവശ്യം പരിഗണിച്ച് ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് മുൻകൈയിൽ സമീപ പഞ്ചായത്തുകളുടെ സഹകരണത്തോടെ വസ്തു വാങ്ങി ഇതിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നുള്ള 50 ലക്ഷം രൂപ ചെലവഴിച്ച് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിനൽകുകയും ചെയ്തു.
ഇതിനിടയിൽ കെ.എസ്.ആർ.ടി.സി സാമ്പത്തികപ്രതിസന്ധിയിലേക്ക് നീങ്ങിയതോടെ ഡിപ്പോയുടെ പ്രവർത്തനം നിലച്ചു. വർഷങ്ങളായി ഈ സ്ഥിതി തുടരുകയാണ്. ഇപ്പോൾ ഓഫിസിന് വേണ്ടി നിർമിച്ച കെട്ടിടത്തിൽ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയുടെ താൽക്കാലിക സംവിധാനങ്ങളും ഗാരേജിനുവേണ്ടി നിർമിച്ച കെട്ടിടത്തിൽ ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിന്റെ എം.സി.എഫുമാണ് പ്രവർത്തിക്കുന്നത്.
ഇതിനിടയിലാണ് ഡിപ്പോക്ക് വേണ്ടി വിട്ടുകൊടുത്ത സ്ഥലം റവന്യൂവകുപ്പിന്റെ കൈയിലും ഗാരേജിന് വാങ്ങിയ സ്ഥലം ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ പേരിലുമാെണന്ന വെളിപ്പെട്ടത്. അടുത്ത കാലത്തായി ഓഫിസ് പ്രവർത്തിച്ചിരുന്ന കെട്ടിടം ഉൾപ്പെടെ 50 സെൻറ് സ്ഥലം താലൂക്ക് ആശുപത്രി വികസനത്തിന് സർക്കാർ ഏറ്റെടുക്കുകയും ചന്ത മുമ്പ് പ്രവർത്തിച്ചിരുന്ന സ്ഥലത്തേക്ക് തന്നെ മാറ്റി പ്രവർത്തനം ആരംഭിക്കുകയും ചെയ്തതോടെ കുന്നത്തൂരിലെ കെ.എസ്.ആർ.ടി.സി ഡിപ്പോ എന്ന സ്വപ്നം എന്നന്നേക്കുമായി അവസാനിക്കുകയാണ്. ഇതിനിടയിൽ ഡിപ്പോക്ക് വേണ്ടി ചെലവഴിച്ച കോടികൾ പാഴാവുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.