പോരുവഴിയിൽ ബി.ജെ.പിയെ തടയാൻ ഇടത്- യു.ഡി.എഫ് ധാരണക്ക് സാധ്യത
text_fieldsശാസ്താംകോട്ട: ആർക്കും ഭൂരിപക്ഷം ഇല്ലാത്ത പോരുവഴി പഞ്ചായത്തിൽ ബി.ജെ.പിയെ ഭരണത്തിൽ നിന്ന് അകറ്റിനിർത്താനായി ഇടത് മുന്നണിയും യു.ഡി.എഫും ധാരണയിൽ എത്തുമെന്ന് സൂചന. ഇടതുപക്ഷത്തിനും യു.ഡി.എഫിനും ബി.ജെ.പിക്കും അഞ്ചുവീതം സീറ്റുകളാണ് ഇവിടെയുള്ളത്.
എസ്.ഡി.പി.ഐക്ക് മൂന്നും. ഇടതുപക്ഷവും യു.ഡി.എഫും ചേർന്നാൽ 18 അംഗ പഞ്ചായത്ത് ഭരിക്കാനുള്ള മതിയായ ഭൂരിപക്ഷമാകും.
മൂന്നുപക്ഷത്തിനും അഞ്ച് വീതം സീറ്റുകൾ ഉണ്ടായിരിക്കെ നറുക്കെടുപ്പിലേക്ക് നീങ്ങിയാൽ ബി.ജെ.പിക്ക് മൂന്നിലൊന്ന് സാധ്യത ലഭിക്കും. ഇത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് സി.പി.എം ജില്ല കമ്മിറ്റിയും ജില്ലയിൽ നിന്നുള്ള കെ.പി.സി.സി ഉന്നതനും മുന്നണികൾ തമ്മിലുള്ള പരസ്പരധാരണ എന്ന ചിന്തയിലേക്ക് എത്തിയത്. ഇതിനുള്ള പ്രാഥമിക ചർച്ചകൾക്കായി കെ.പി.സി.സി നിർവാഹക സമിതി അംഗം കെ. കൃഷ്ണൻകുട്ടിനായരെ ചുമതലപ്പെടുത്തുകയും ചെയ്തു. ജില്ല കമ്മിറ്റി തീരുമാനം വരുന്ന മുറക്ക് അടുത്ത നടപടി എന്നാണ് സി.പി.എം അംഗങ്ങൾക്ക് കിട്ടിയിരിക്കുന്ന നിർദേശം.
ഭരണത്തിൽ പങ്ക് പറ്റാതെ പുറത്തുനിന്നുള്ള പിന്തുണ എന്ന നിലപാടാണ് സി.പി.എമ്മിന് ഉള്ളതെന്നാണ് അറിയുന്നത്. രണ്ടര വർഷത്തെ ഭരണം വിട്ടുനൽകാമെന്ന കോൺഗ്രസ് വാഗ്ദാനത്തോട് അവർ അനുകൂലമായി പ്രതികരിച്ചിട്ടില്ല.
ഇടതുപിന്തുണയോടെ ഭരണത്തിൽ എത്താനുള്ള സാധ്യത ഉണ്ടായാൽ, കോൺഗ്രസിന് മുന്നിൽ പ്രസിഡൻറ് സ്ഥാനാർഥിയെപ്പറ്റി ഇടതുപക്ഷം നിബന്ധന വെക്കും എന്ന് ഉറപ്പായിട്ടുണ്ട്. ഡി.സി.സി ജനറൽ സെക്രട്ടറി പി.കെ. രവിയും ബിനു മംഗലത്തുമാണ് ഈ പദവിയിൽ എത്താൻ സാധ്യതയുള്ളവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.