കുന്നത്തൂർ താലൂക്കിൽ കോടികളുടെ നഷ്ടം; ശക്തമായ കാറ്റിലും മഴയിലും നിരവധി വീടുകൾ തകർന്നു
text_fieldsശാസ്താംകോട്ട: തിങ്കളാഴ്ച വൈകിട്ടോടെ വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും കുന്നത്തൂർ താലൂക്കിൽ നിരവധി വീടുകൾ തകർന്നു. ഇലക്ട്രിക് പോസ്റ്റുകളും വൈദ്യുതി ലൈനുകളും നിലം പൊത്തി. വിവിധ ഏലാകളിലെ കൃഷി നശിച്ചു. മരങ്ങൾ പിഴുതു വീണും ഒടിഞ്ഞു വീണുമാണ് വീടുകൾ തകർന്നത്.
താലൂക്കിൽ മൈനാഗപ്പള്ളി, പടിഞ്ഞാറെ കല്ലട പഞ്ചായത്തുകളിലാണ് നാശമേറെ. വടക്കൻ മൈനാഗപ്പള്ളി ലതാ ഭവനത്തിൽ ആനന്ദൻ പിള്ള, നാട്ടന്നൂർ സതീശൻ, പൂവമ്പള്ളിൽ പൊന്നമ്മയമ്മ, അഞ്ചുവിള കിഴക്കതിൽ ജഗദ, പണ്ടാരവിളയിൽ സുമതി, കാരൂർത്തറയിൽ സരസ്വതി എന്നിവരുടെ വീടുകളാണ് മരം വീണ് തകർന്നത്.
തെക്കടത്ത് തെക്കതിൽ ചന്ദ്രൻ പിള്ളയുടെ വീട്ടിൽ മരങ്ങൾ വീണു. ഹരിതത്തിൽ മധുസൂധനൻ പിള്ളയുടെ കാർ മരം വീണ് തകർന്നു. ആദർശ് ഭവനത്തിൽ തുളസീധരൻ പിള്ളയുടെ കാലിത്തൊഴുത്തിന്റെ മേൽക്കൂരയും തകർന്നു. ചിത്തിരവിലാസം സ്കൂളിന്റെ പരിസരത്ത് നിന്ന മാവ് കടപുഴകി. പെരുമ്പള്ളി കോളനിയിലെ നിരവധി വീടുകൾ തകർന്ന നിലയിലാണ്.
ശാസ്താംകോട്ട - കരുനാഗപ്പള്ളി പ്രധാന പാതയിൽ മൈനാഗപ്പള്ളി റെയിൽവേ ക്രോസിനു സമീപം കൂറ്റൻ പരസ്യ ബോർഡ് തകർന്നു വീണു. വെസ്റ്റ് കല്ലട വില്ലേജിൽ കാരാളി ടൗൺ വാർഡിലും വലിയ നാശം സംഭവിച്ചു. കുഴിയയ്യത്ത് ബാബുവിന്റെ വീട് ആഞ്ഞിലിമരങ്ങൾ പൂർണമായി തകർന്നു.
ജി.ആർ നിവാസിൽ ശിവരാമപിള്ളയുടെ വീട് ഭാഗികമായി തകർന്നു. ലക്ഷ്മി ഭവനത്തിൽ ലംബോദരൻ പിള്ളയുടെ മതിൽ മരംവീണ് തകർന്നു. റോഡിലേക്ക് വീണ ആഞ്ഞിലി കുണ്ടറയിൽ നിന്നുമെത്തിയ ഫയർ ഫോഴ്സ് സംഘം വെട്ടി മാറ്റി.
ഇവിടെ മൂന്ന് വൈദ്യുതി പോസ്റ്റുകൾ നിലംപതിച്ചു.മുട്ടചരുവിലും മരങ്ങളും വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു വീണു. ശാസ്താംകോട്ട പഞ്ചായത്തിൽ മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. കുന്നത്തൂർ, പോരുവഴി, ശൂരനാട് വടക്ക്, ശൂരനാട് തെക്ക് എന്നിവിടങ്ങളിലും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.