കലഹിച്ചും കൈയിട്ടുവാരിയും അവർ ഓണസദ്യ ഉണ്ടു
text_fieldsശാസ്താംകോട്ട: കോവിഡിെൻറ ദുരിതങ്ങളും സാമൂഹിക അകലങ്ങളും ഇല്ലാതെ ശാസ്താംകോട്ട ക്ഷേത്രത്തിലെ വാനരന്മാർ തമ്മിൽ കലമ്പിയും കൈയിട്ടുവാരിയും ഓണസദ്യ ഉണ്ടു. പതിനൊന്നരയോടെയാണ് വാനരഭോജനശാലയിൽ സദ്യക്ക് തുടക്കം കുറിച്ചത്. തൂശനിലയിൽ ആദ്യം ഉപ്പേരിയും ശർക്കരവരട്ടിയതും പഴവും െവച്ചു.
പിന്നീട് പച്ചടി, കിച്ചടി, തോരൻ, അവിയൽ, അച്ചാറുകൾ, പപ്പടം തുടങ്ങിയവ വിളമ്പിയപ്പോഴേക്കും സമീപത്തെ മതിലിലും മരച്ചില്ലയിലും ഇരിപ്പുറപ്പിച്ച വാനരന്മാർക്ക് ക്ഷമ നശിച്ചു. ഇലയുടെ അടുത്തേക്ക് പാഞ്ഞെത്താൻ തയാറെടുത്തവരെ ക്ഷേത്ര ജീവനക്കാർ ഇടപെട്ട് തടഞ്ഞു. ചോറിട്ട് പരിപ്പും സാമ്പാറും പുളിശ്ശേരിയും രണ്ട് തരം പായസവും ഒഴിച്ച് ക്ഷേത്ര ജീവനക്കാരും മറ്റുള്ളവരും പിൻവാങ്ങിയതോടെ വാനരപ്പട സദ്യക്കടുത്തേക്ക് ഓടി എത്തി. സ്വന്തം ഇലയിൽ നിന്ന് കൈയിൽ കിട്ടിയതൊക്കെ വാരിവലിച്ചകത്താക്കിയവർ മറ്റുള്ളവരുടെ ഇലയിലും കൈെവച്ചത് ചെറിയ ൈകയാങ്കളിക്കും കാരണമായി. വാനരപ്രമാണിമാരായ രാജു, തുളസി, പുഷ്കരൻ ആൻഡ്രൂസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സദ്യ നടക്കുന്നത്.
ഉത്രാടദിനത്തിലെ ഓണസദ്യ ക്ഷേത്ര ഉപദേശക സമിതി മുൻ പ്രസിഡൻറ് എം.വി. അരവിന്ദാക്ഷൻ നായരുടെ വകയായിരുന്നു. വർഷങ്ങൾക്ക് മുമ്പ് ഓണനാളുകളിലും ക്ഷേത്രത്തിലെ വാനരൻമാർ പട്ടിണി കിടന്നിരുന്നതിനെ തുടർന്നാണ് അരവിന്ദാക്ഷൻ നായർ ഉത്രാടസദ്യ ആരംഭിച്ചത്. തിരുവോണദിനം ശാസ്താംകോട്ട കന്നി മേലഴികത്ത് ബാലചന്ദ്രൻ പിള്ളയുടെ വകയായി തിരുവോണ സദ്യയും നടക്കും. വാനരന്മാരുടെ സദ്യ കാണാൻ നിരവധി പേർ ക്ഷേത്രത്തിൽ എത്തിയിരുന്നു. എന്നാൽ ഇതേസമയം ചന്തയിലും പൊതു സ്ഥലങ്ങളിലും കഴിയുന്ന കുരങ്ങുകൾ ഓണനാളിലും പട്ടിണിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.