ശാസ്താംകോട്ടയിൽ ചന്തക്കുരങ്ങുകളെ നാടുകടത്തും
text_fieldsശാസ്താംകോട്ട: ശാസ്താംകോട്ട ചന്തയിലും പരിസര പ്രദേശങ്ങളിലുമായി പ്രദേശവാസികൾക്ക് ശല്യം സൃഷ്ടിക്കുന്ന ചന്തക്കുരങ്ങുകളെ നാടുകടത്താൻ തീരുമാനം. ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് ഹാളിൽ വനംവകുപ്പും പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
ഇതിന്റെ ഭാഗമായി ശാസ്താംകോട്ടയിലും പരിസര പ്രദേശങ്ങളിലും കുരങ്ങുകളെ ആകർഷിക്കുന്നതരത്തിൽ പ്രത്യേക കൂടുകൾ സ്ഥാപിക്കും. ഇങ്ങനെ കൂട്ടിൽ അകപ്പെടുന്ന കുരങ്ങുകളെ വനങ്ങളിൽ എത്തിച്ച് തുറന്നുവിടും. ഇത്തരത്തിൽ മുഴുവൻ കുരങ്ങുകളെയും കാട്ടിലെത്തിച്ച് നാട്ടിലെ ശല്യത്തിന് പരിഹാരം കാണാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി ജാഗ്രത സമിതികളും രൂപവത്കരിക്കും.
ശാസ്താംകോട്ടയിൽ രണ്ടുതരത്തിലുള്ള വാനരന്മാരാണുള്ളത്. അമ്പലക്കുരങ്ങുകളും ചന്തക്കുരങ്ങുകളും. ഇതിൽ അമ്പലക്കുരങ്ങുകൾക്ക് ക്ഷേത്രത്തിൽനിന്നും മറ്റും ആഹാരം ഉൾപ്പെടെ കിട്ടുന്നതിനാൽ ശല്യക്കാരല്ല. എന്നാൽ, ചന്തക്കുരങ്ങുകൾ ഇവരിൽനിന്ന് ഏറെ വ്യത്യസ്തരാണ്. ആഹാരം തേടി അലഞ്ഞുതിരിയുന്ന ഇക്കൂട്ടർ പ്രദേശത്ത് വലിയ നാശനഷ്ടമാണ് വരുത്തുന്നത്. തെങ്ങ് ഉൾപ്പെടെ കാർഷിക വിളകൾ നശിപ്പിക്കുന്നതും ജനങ്ങളെ ആക്രമിക്കുന്നതും പതിവാണ്. വീടുകൾക്കുള്ളിൽ കടന്ന് ആക്രമണം നടത്തുകയും ഓടിട്ട കെട്ടിടങ്ങളുടെ ഓടുകൾ നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. വാട്ടർ ടാങ്കുകൾ, ടാപ്പുകൾ, പൈപ്പുകൾ തുടങ്ങിയവ നശിപ്പിക്കും.
കഴുകിയിട്ടിരിക്കുന്ന തുണികൾ എടുത്ത് കൊണ്ടുപോകുന്നതും പതിവാണ്. 2019 ൽ ഹൈകോടതിയുടെ നിർദേശപ്രകാരം ഡൽഹിയിൽനിന്ന് ‘വാതാവരൺ’ സംഘമെത്തി പ്രശ്നക്കാരായ 110 ഓളം ചന്തക്കുരങ്ങുകളെ പിടികൂടി ജില്ലയുടെ കിഴക്കൻ മേഖലയിലെ വനപ്രദേശങ്ങളിൽ തുറന്നുവിട്ടിരുന്നു. എന്നാൽ, പദ്ധതി പൂർണതോതിൽ ലക്ഷ്യം കണ്ടില്ല.
ആഴ്ചകൾക്കുള്ളിൽതന്നെ കുരങ്ങുകളിൽ പകുതിയും തെന്മല, ആര്യങ്കാവ് മേഖലകളിൽനിന്ന് ജനവാസമേഖലയിലെത്തി. ഇതു പരാതിയായി. കാട്ടിൽ വിട്ടവതന്നെ ശാസ്താംകോട്ടയിൽ മടങ്ങിയെത്തിയെന്ന് ചിലര്‍ വിശ്വസിക്കുന്നു. കൂടുതല്‍ കുരുങ്ങുകള്‍ പെറ്റുപെരുകിയാണ് നിലവിൽ പ്രശ്നക്കാരായി മാറിയിരിക്കുന്നത്. 400 ഓളം കുരങ്ങുകൾ ഇത്തരത്തിൽ ഉണ്ടെന്നാണ് കരുതുന്നത്.
പരാതി വ്യാപകമായതോടെയാണ് പഞ്ചായത്ത് വനം വകുപ്പുമായി ചേർന്ന് പരിഹാരം കാണാൻ രംഗത്തെത്തിയത്.പഞ്ചായത്ത് പ്രസിഡന്റ് ആർ. ഗീത അധ്യക്ഷതവഹിച്ചു. പൊതുപ്രവർത്തകൻ എസ്. ദിലീപ് കുമാർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടികൾ ആരംഭിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.