രോഗികൾക്കും അശരണർക്കും തുണയായി അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ
text_fieldsശാസ്താംകോട്ട: ആരോരുമില്ലാത്ത രോഗികൾക്കും അശരണർക്കും തുണയായി ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ. ശാസ്താംകോട്ട അഗ്നിരക്ഷാ നിലയത്തിലെ ഓഫിസറായ ചവറ മേനാംപള്ളി മുകുന്ദപുരം ചേമത്ത് വീട്ടിലെ മനോജ് ആണ് (38) സഹായഹസ്തവുമായി രംഗത്തുള്ളത്. ഡ്യൂട്ടി കഴിഞ്ഞാൽ വീട്ടിൽ നിൽക്കാതെ ശാസ്താംകോട്ട താലൂക്കാശുപത്രിയിലെത്തും. ആരും സഹായത്തിനില്ലാത്ത രോഗികൾ ചികിത്സക്കു വന്നാൽ അവരുടെ കൂടെ മനോജ് ഉണ്ടാകും.
പ്രായമായ മാതാപിതാക്കൾക്ക് ഒ.പി ടിക്കറ്റെടുക്കാനും മരുന്നു വാങ്ങി നൽകാനും ജില്ല ആശുപത്രിയിലേക്ക് റഫർ ചെയ്യുന്നവരുടെ കൂടെ ആംബുലൻസിൽ പോകാനും പ്രായമായ രോഗികളെ വീടുകളിൽ എത്തിക്കാനും സഹായിയാവും.
അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെയും ജീവനക്കാരെയും സഹായിക്കാനും കാണും. ഇതിനൊക്കെ ശമ്പളത്തിന്റെ ചെറിയ ഒരുഭാഗം മാറ്റിവെക്കുന്നുണ്ട്.
റോഡരികിലും തെരുവിലും കിടക്കുന്നവരെ ജീവകാരുണ്യ പ്രവർത്തകനായ ശക്തികുളങ്ങര ഗണേഷ്, ബാബു എന്നിവരുടെ സഹായത്തോടെ അഭയകേന്ദ്രങ്ങളിൽ എത്തിക്കുകയും ചെയ്യുന്നുണ്ട്. 2010ൽ കേരള പൊലീസിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള മനോജ് തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളിൽ ജോലി ചെയ്യുമ്പോഴും അവിടത്തെ മെഡിക്കൽ കോളജ് ആശുപത്രികളിലെത്തി രോഗികളെ സഹായിക്കാറുണ്ടായിരുന്നു.
വൈകല്യമുള്ള കുട്ടികളെ പഠിപ്പിക്കുന്ന ഡി.സി.ബി.ആർ കോഴ്സ് കഴിഞ്ഞ മനോജ് അത്തരം മേഖലയിലും സഹായം മാതൃകയാക്കിയിട്ടുണ്ട്. ആരും അറിയാതെ ചെയ്യുന്ന മനോജിന്റെ പ്രവൃത്തികൾ ജില്ല ഫയർ ഓഫിസർ ആയിരുന്ന ഹരികുമാറിന്റെ ശ്രദ്ധയിൽപ്പെടുകയും മറ്റു ജീവനക്കാരെ അറിയിക്കുകയും ആയിരുന്നു. ഗൗരിക്കുട്ടിയമ്മയാണ് മനോജിന്റെ മാതാവ്. പിതാവ് സുന്ദരൻപിള്ള നേരത്തേ മരണപ്പെട്ടു.
പോസ്റ്റ് ഓഫിസ് ജീവനക്കാരിയായ ദർശനയാണ് ഭാര്യ. വേദിക, വാമിക എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.