ചക്കുവള്ളിയിലെ നവകേരള സദസ്സ്; സർക്കാറിന്റെ വാദങ്ങൾക്ക് തിരിച്ചടിയായത് സുപ്രീംകോടതി വിധി
text_fieldsശാസ്താംകോട്ട: കുന്നത്തൂർ നിയോജക മണ്ഡലത്തിലെ ചക്കുവള്ളി പരബ്രഹ്മ ക്ഷേത്ര മൈതാനിയിൽ തിങ്കളാഴ്ച നടത്താനിരുന്ന നവകേരള സദസ്സിന്റെ വേദി ഹൈകോടതി സ്റ്റേ ചെയ്തത് സർക്കാറിനും സംഘാടകസമിതിക്കും തിരിച്ചടിയായി.
വർഷങ്ങൾക്കുമുമ്പ് പരബ്രഹ്മ ക്ഷേത്ര മൈതാനത്തെ ൈകയേറ്റങ്ങളുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽനിന്നുണ്ടായ ഉത്തരവാണ് ഹൈകോടതിയിൽ സർക്കാറിന്റെ വാദങ്ങൾക്ക് തിരിച്ചടിയായത്. നവകേരള സദസ്സിന് ക്ഷേത്രമൈതാനം ഉപയോഗിക്കുന്നതിനെതിരെ ഹിന്ദു ഐക്യവേദി ഭാരവാഹികളും ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളുമാണ് ഹൈകോടതിയെ സമീപിച്ചത്.
ഹരജി പരിഗണിച്ച ഹൈകോടതി മൈതാനത്തിന്റെ രൂപരേഖ ഹാജരാക്കാൻ, അനുമതി നൽകിയ ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു. ചക്കുവള്ളി സ്കൂൾ മൈതാനം എന്ന നിലയിലാണ് ബോർഡ് അനുമതി നൽകിയിരുന്നത്. എന്നാൽ, വെള്ളിയാഴ്ച ഹരജി വീണ്ടും ഹൈകോടതി പരിഗണിച്ചപ്പോൾ ക്ഷേത്രഭൂമിയിൽനിന്ന് 500 മീറ്റർ അകലെയാണ് പരിപാടി നടക്കുന്നതെന്ന് വാദിച്ചെങ്കിലും അഞ്ച് മീറ്റർ പോലും ദൂരപരിധിയില്ലെന്ന് കോടതി നിരീക്ഷിച്ചു. പുറമ്പോക്ക് ഭൂമിയാണെന്ന വാദമുയർത്തി വിധി പ്രതികൂലമാക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
സദസ്സ് നടത്തുന്നതിനായി കണ്ടെത്തിയ ക്ഷേത്രമൈതാനം ഉൾപ്പെടുന്ന ഭൂമി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ളതാണെന്നും മറ്റാർക്കും അധികാരമില്ലെന്നുമുള്ള സുപ്രീംകോടതി ഉത്തരവ് ഹാജരാക്കിയാണ് സർക്കാർവാദത്തെ ഹരജിക്കാർ നേരിട്ടത്. വർഷങ്ങൾക്ക് മുമ്പുള്ള സുപ്രീംകോടതി വിധി ഉയർത്തിക്കാട്ടിയ ഹൈകോടതി ക്ഷേത്രമൈതാനം ക്ഷേത്ര ആചാരങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. അഡ്വ. സജിത് ഹരജിക്കാർക്കുവേണ്ടി ഹാജരായി.
കുന്നത്തൂരിലെ വേദി ചക്കുവള്ളിയിൽതന്നെ
ശാസ്താംകോട്ട: നവകേരള സദസ്സിന്റെ കുന്നത്തൂരിലെ വേദി ചക്കുവള്ളിയിൽ തന്നെയെന്ന് അധികൃതർ. ചക്കുവള്ളി പരബ്രഹ്മ ക്ഷേത്ര മൈതാനിയിൽ 18ന് പരിപാടി നടത്തുന്നതിന് ഹൈകോടതി വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്നാണ് അധികൃതരും എൽ.ഡി.എഫ് നേതൃത്വവും ചേർന്ന് അടിയന്തര തീരുമാനമെടുത്തത്.
ചക്കുവള്ളി ചിറ, നിലവിൽ വേദി ഒരുക്കിയ ക്ഷേത്രമൈതാനിയിൽനിന്ന് ഏറെ അകലെയല്ലാത്ത കശുവണ്ടി ഫാക്ടറി പരിസരം എന്നിവ പരിഗണിക്കുകയും മുഖ്യമന്ത്രിയുടെ സുരക്ഷകൂടി കണക്കിലെടുത്ത് ഒന്നര ഏക്കറോളം വരുന്ന വിശാലമായ ഗ്രൗണ്ടുള്ള കശുവണ്ടി ഫാക്ടറി പരിസരം വേദിയാക്കാൻ തീരുമാനിക്കുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാത്രി തന്നെ നിരവധി മണ്ണുമാന്തിയന്ത്രങ്ങൾ എത്തിച്ച് ഇവിടം വൃത്തിയാക്കുന്ന ജോലി ആരംഭിച്ചു.
വിവാദമായ ക്ഷേത്രമൈതാനത്തുനിന്ന് കിഴക്കുമാറി വിളിപ്പാടകലെയാണ് ഫാക്ടറി വളപ്പ്. അതിനിടെ ഹൈകോടതി സ്റ്റേ ചെയ്ത ചക്കുവള്ളി പരബ്രഹ്മ ക്ഷേത്ര മൈതാനിയിൽ നവകേരള സദസ്സിനുള്ള വേദിയുടെ നിർമാണം പൂർത്തീകരിച്ചിരുന്നു.
ലക്ഷങ്ങൾ ചെലവഴിച്ച് പണിത കൂറ്റൻ പന്തലുകൾ ഉൾപ്പെടെയുള്ളവ പൊളിച്ചുമാറ്റി മറ്റൊരിടത്ത് സ്ഥാപിക്കേണ്ട കഠിനപ്രയത്നത്തിലാണ് സംഘാടകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.