പൈപ്പ് പൊട്ടി കുടിവെള്ളം പാഴായിട്ടും നടപടിയില്ല
text_fieldsശാസ്താംകോട്ട: പൈപ്പുകൾ പൊട്ടി മാസങ്ങളായി കുടിവെള്ളം പാഴായിട്ടും അറ്റകുറ്റപ്പണി നടത്താൻ നടപടികളില്ല. അറ്റകുറ്റപ്പണി ഏറ്റെടുത്തിട്ടുള്ള കരാറുകാരുടെ സമരം കാരണമാണ് നന്നാക്കൽ വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. കുന്നത്തൂർ താലൂക്കിന്റെ പല പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായി തുടങ്ങിയിട്ടുണ്ട്.
പൈപ്പുകൾ വഴിയുള്ള ജലവിതരണം കൂടി നിലച്ചതോടെ സാധാരണക്കാരായ നിരവധി കുടുംബങ്ങൾ ദുരിതത്തിലായി. ശാസ്താംകോട്ട പഞ്ചായത്തിന്റെ പലഭാഗങ്ങളിലും പ്രധാന പൈപ്പുകൾ ഉൾപ്പെടെ പൊട്ടി ഒഴുകാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഇതു കാരണം പല ഭാഗങ്ങളിലേക്കും വെള്ളം എത്താത്ത സാഹചര്യമാണ്.
ലഭിക്കുന്ന വെള്ളമാകട്ടെ ചെളിയും മണ്ണും നിറഞ്ഞതാണ്. ശാസ്താംകോട്ടയിലെ ജല ശുദ്ധീകരണ ശാലയിൽനിന്നും ഭരണിക്കാവ്, മുതുപിലാക്കാട് ഭാഗങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്ന പ്രധാന പൈപ്പ് പലയിടത്തും പൊട്ടി വെള്ളം പാഴാവുകയാണ്.
ഭരണിക്കാവ് ടൗണിലും കടപുഴ റോഡിൽ സമൃദ്ധി സ്റ്റോറിന് മുന്നിലും വെള്ളം പാഴാവുന്നതിനാൽ മുതുപിലാക്കാട് പടിഞ്ഞാറ്, പുന്നമൂട് ഭാഗങ്ങളിൽ കൃത്യമായി വെള്ളം ലഭിക്കുന്നില്ല. ഊക്കൻമുക്ക് ജങ്ഷനിലെ തകരാർ കാരണം, രണ്ടാഴ്ചയോളം കുടിവെള്ള വിതരണം പൂർണമായി മുടങ്ങിയിരുന്നു.
പ്രതിഷേധം ശക്തമായതോടെ താൽക്കാലിക തൊഴിലാളികളെ വെച്ച് തകരാർ പരിഹരിച്ചെങ്കിലും ജലവിതരണം പൂർണതോതിലാക്കാൻ കഴിഞ്ഞിട്ടില്ല. അടുത്തകാലങ്ങളിൽ നിർമിച്ച റോഡിൽ തുടർച്ചയായി വെള്ളം ഒഴുകുന്നത് റോഡ് തകർച്ചക്കും വാഹനയാത്രക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.