അറ്റകുറ്റപ്പണിയില്ല; പൈപ്പ് റോഡ് തകർന്നുതന്നെ
text_fieldsശാസ്താംകോട്ട: ഏറെ പ്രതീക്ഷയോടെ നിർമിച്ച ശാസ്താംകോട്ട-ചവറ പൈപ്പ് റോഡിന്റെ ഏറെ ഭാഗവും തകർന്നനിലയിൽ. ഇതുമൂലം റോഡിലൂടെ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. 1957ൽ ഇന്തോ-നോർവീജിയൻ പദ്ധതി പ്രകാരം ശാസ്താംകോട്ട തടാകത്തിൽനിന്ന് കൊല്ലം പട്ടണത്തിലേക്ക് കുടിവെള്ളം കൊണ്ടുപോകുന്നതിന് നിർമിച്ചതാണ് റോഡ്.
ശാസ്താംകോട്ട, മൈനാഗപ്പള്ളി, തേവലക്കര, പന്മന പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡ് ചവറ ടൈറ്റാനിയത്തിന് മുന്നിൽ അവസാനിക്കുന്നു. 15 മീറ്റർ വീതിയിൽ നേർരേഖയിലുള്ള റോഡിന് 11 കിലോമീറ്ററായിരുന്നു ദൈർഘ്യം.
ആദ്യകാലത്ത് സിമന്റ് പൈപ്പുകളാണ് വെള്ളം കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്നതെന്നതിനാൽ റോഡിന്റെ ഉടമസ്ഥരായ വാട്ടർ അതോറിറ്റി ഇതിലേ വാഹനഗതാഗതം അനുവദിച്ചിരുന്നില്ല. റോഡിന് ഇരുവശവും താമസക്കാരുടെ എണ്ണം വർധിച്ച് പ്രധാനറോഡിന് കുറുകെയുള്ള റോഡുകളും പ്രദേശങ്ങളും വികസിച്ചതോടെ വാഹനഗതാഗത ആവശ്യം ശക്തമായി.
എന്നാൽ എതിർനിലപാടുമായി വാട്ടർ അതോറിറ്റി തടസ്സം നിന്നു. ഇതിനെതിരെ ആക്ഷൻകൗൺസിൽ രൂപവത്കരിച്ച് വലിയ പ്രതിഷേധം ഉയർന്നു. ഇതിനിടെ സിമന്റ് പൈപ്പുകൾ മാറ്റി കാസ്റ്റ് അയൺ പൈപ്പുകൾ സ്ഥാപിച്ചിരുന്നു. ഒടുവിൽ അന്നത്തെ ജലവിഭവമന്ത്രി എൻ.കെ. പ്രേമചന്ദ്രൻ ഇടപെട്ട് റോഡിന്റെ മധ്യഭാഗത്തുകൂടി മൂന്ന് മീറ്റർ വീതിയിൽ റോഡ് ടാർ ചെയ്യാൻ തീരുമാനിച്ചു. രണ്ടരക്കോടി രൂപ ചെലവഴിച്ച് 2010ൽ വാട്ടർ അതോറിറ്റി തന്നെ റോഡ് ടാർ ചെയ്തു.
പിന്നീട് വർഷങ്ങളോളം അറ്റകുറ്റപ്പണികൾ ചെയ്യാത്തതിനാൽ റോഡ് ആകെ തകർന്നു. പ്രതിഷേധം ശക്തമായതോടെ കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഇടപെട്ട് മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് വികസന ഫണ്ടിൽനിന്ന് 60 ലക്ഷം രൂപ ചെലവഴിച്ച് 2021 ൽ ശാസ്താംകോട്ട മുതൽ വേങ്ങ വരെ മൂന്ന് കിലോമീറ്റർ റോഡ് പുനർനിർമിെച്ചങ്കിലും നിർമാണഅപാകതമൂലം ഈ ഭാഗം തകർന്നുതുടങ്ങിയിട്ടുണ്ട്.
അടുത്തസമയത്ത് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ 15 ലക്ഷവും മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ 10 ലക്ഷം രൂപയും ചെലവഴിച്ച് വേങ്ങ മുതൽ കോവൂർ അഞ്ച് പൈപ്പ് വരെ നന്നാക്കിയിട്ടുണ്ട്. അവിടെനിന്ന് ആറ്റുപുറം വരെ തകർച്ചയിൽത്തന്നെ. ആറ്റുപുറം മുതൽ ഓഡിറ്റോറിയം ജങ്ഷൻ വരെ ഗ്രാമപഞ്ചായത്തംഗത്തിന്റെ വിഹിതമായ അഞ്ചുലക്ഷം രൂപ ഉപയോഗിച്ച് ടാർ ചെയ്തിരുന്നു. ഇവിടം മുതൽ പഞ്ചായത്തിന്റെ അതിർത്തി വരെ ഇനി ടാർ ചെയ്യാനുണ്ട്.
എന്നാൽ തേവലക്കര പഞ്ചായത്തിലൂടെ കടന്നുപോകുന്ന ഭാഗം പൂർണമായും പന്മന പഞ്ചായത്തിന്റെ തുടക്കഭാഗത്തും കാൽനടപോലും അസാധ്യമാക്കി റോഡ് തകർച്ചയിലാണ്. വൻ കുഴികളും റോഡിലുണ്ട്.
പന്മനപഞ്ചായത്തിലെ കുരീത്തറ ജങ്ഷൻ മുതൽ ടൈറ്റാനിയം ജങ്ഷൻ വരെ സുജിത് വിജയൻപിള്ള എം.എൽ.എയുടെ ഫണ്ട് ഉപയോഗിച്ച് പുനർനിർമിച്ചിട്ടുണ്ട്. ദുരവസ്ഥയിലായതിനാൽ ദീർഘദൂര യാത്രക്കാർ റോഡ് ഒഴിവാക്കുകയാണ്. കുന്നത്തൂർ അടക്കമുള്ള കിഴക്കൻമേഖലയിലുള്ളവർക്ക് മറ്റ് റോഡുകളെ ആശ്രയിക്കാതെ ഇതുവഴി എളുപ്പത്തിൽ നാഷനൽ ഹൈവേയിൽ എത്തിച്ചേരാം.
ഒപ്പം പടിഞ്ഞാറൻമേഖലയിലുള്ളവർക്ക് ശാസ്താംകോട്ട റെയിൽവേസ്റ്റേഷനിൽ എത്തുന്നതിനും സഹായകരമാണ്. തേവലക്കര മേഖലയിലെ നിരവധി ആരാധനാലങ്ങൾ, പന്മന ആശ്രമം, ശാസ്താംകോട്ട തടാകം, ക്ഷേത്രം തുടങ്ങിയവ കേന്ദ്രീകരിച്ചുള്ള ടൂറിസം അടക്കമുള്ളവക്കും നിരവധി പ്രദേശങ്ങളുടെ വികസനത്തിനും ഏറെ പ്രയോജനം ചെയ്യുന്ന റോഡാണ് അധികൃതരുടെ പിടിപ്പുകേടുമൂലം നാശത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.