പൈപ്പിടാൻ അനുമതിയില്ല; മൈനാഗപ്പള്ളി കുടിവെള്ള പദ്ധതി കമീഷനിങ് വൈകുന്നു
text_fieldsശാസ്താംകോട്ട: നിർമാണ-അനുബന്ധ പ്രവർത്തനങ്ങൾ ഏറക്കുറെ പൂർത്തിയായ മൈനാഗപ്പള്ളി കുടിവെള്ളപദ്ധതിക്ക് ജലവിതരണ പൈപ്പിടാൻ അനുമതി ലഭിക്കാത്തതുമൂലം പദ്ധതി പ്രതിസന്ധിയിൽ. മൈനാഗപ്പള്ളി പഞ്ചായത്തിൽ സമ്പൂർണ കുടിവെള്ളവിതരണം നടപ്പാക്കാൻ കഴിയുന്ന പദ്ധതിയുടെ എല്ലാവിധ പ്രവർത്തനങ്ങളും ഏറക്കുറെ പൂർത്തിയായിട്ടും വിതരണ പൈപ്പുകൾ സ്ഥാപിക്കാൻ കിഫ്ബിയുടെയും പി.ഡബ്ല്യു.ഡിയുടെയും അനുമതി ലഭിക്കാത്തതാണ് പദ്ധതി കമീഷൻ ചെയ്യാൻ വൈകുന്നത്.
കരുനാഗപ്പള്ളി-ശാസ്താംകോട്ട റോഡിൽ ഐ.സി.എസ് മുകളുംപുറം മുതൽ മൈനാഗപ്പള്ളി റെയിൽവേ ഗേറ്റ് വരെയാണ് പ്രധാന കുടിവെള്ളവിതരണ പൈപ്പുകൾ സ്ഥാപിക്കേണ്ടത്. ഈ റോഡിന്റെ നിയന്ത്രണാവകാശം കിഫ്ബിക്കും പി.ഡബ്ല്യു.ഡിക്കും ആയതിനാൽ റോഡ് കുഴിച്ച് പൈപ്പിടാൻ ഇവർ അനുമതി നൽകുന്നില്ല.
മൈനാഗപ്പള്ളി പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനാണ് 2019-20 ലെ വാട്ടർ അതോറിറ്റിയുടെ സ്റ്റേറ്റ് പ്ലാൻ ഫണ്ടും കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടും മൈനാഗപ്പള്ളി പഞ്ചായത്തിന്റെ ഡിപ്പോസിറ്റ് ഫണ്ടും ഉൾപ്പെടെ 6.1 കോടി രൂപയുടെ പദ്ധതി തയാറാക്കിയത്.
ഇതിന്റെ ഭാഗമായി മൈനാഗപ്പള്ളി പബ്ലിക് മാർക്കറ്റിൽ 15.29 ലക്ഷം ലിറ്റർ കപ്പാസിറ്റിയുടെ കൂറ്റൻ ഓവർ ഹെഡ് ടാങ്കും നിർമിച്ചു. മറ്റ് റോഡുകളിലെല്ലാം പൈപ്പുകൾ സ്ഥാപിക്കുകയും വീടുകളിലേക്കുള്ള 95 ശതമാനം കണക്ഷനുകൾ നൽകുകയും ചെയ്തു. ശാസ്താംകോട്ട വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്ന് ഐ.സി.എസിലെ നിലവിലുള്ള ഓവർ ഹെഡ് ടാങ്കിലേക്കുള്ള പൈപ്പുകളും സ്ഥാപിച്ചു.
ഇനി ഐ.സി.എസിലെയും പബ്ലിക് മാർക്കറ്റിലെയും ടാങ്കുകളെ തമ്മിൽ ബന്ധിപ്പിച്ച് ജലവിതരണത്തിനുള്ള പ്രധാന പൈപ്പുകൾ മാത്രമാണ് സ്ഥാപിക്കാനുള്ളത്. ഇതിന്റെ അനുമതിയാണ് നിഷേധിക്കപ്പെട്ടത്. ഇവിടെ സ്ഥാപിക്കുന്നതിനുള്ള പൈപ്പുകൾ ചവറ-ശാസ്താംകോട്ട പൈപ്പ് റോഡിൽ ആറുമാസം മുമ്പ് തന്നെ ഇറക്കിെവച്ചിട്ടുണ്ട്. ഇത് കരാറുകാരന് അധിക ബാധ്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.
പദ്ധതി വൈകുന്നതുസംബന്ധിച്ച് പരാതി ഉയർന്ന സാഹചര്യത്തിൽ ജലമന്ത്രി സ്ഥലം സന്ദർശിച്ച് അനുമതി വേഗത്തിൽ ലഭ്യമാക്കാം എന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.