പടിഞ്ഞാറേകല്ലടയിലെ ഫ്ലോട്ടിങ് സോളാർ പദ്ധതി കടലാസിൽ
text_fieldsശാസ്താംകോട്ട: പടിഞ്ഞാറെ കല്ലടയിൽ നിർമിക്കുന്ന ഫ്ലോട്ടിങ് സോളാർ പദ്ധതി കടലാസിൽ. സംസ്ഥാനം കടുത്ത വൈദ്യുതി ക്ഷാമം നേരിടുന്ന സാഹചര്യത്തിലും പദ്ധതി നടത്തിപ്പിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നത് ഗുരുതരമായ അനാസ്ഥയാണെന്ന് ആക്ഷേപം ശക്തമാവുകയാണ്.
300 കോടി രൂപ ചെലവഴിച്ച് 50 മെഗാ വാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നതാണ് പടിഞ്ഞാറെ കല്ലടയിലെ ഫ്ലോട്ടിങ് സോളാർ പദ്ധതി. സ്വകാര്യ വ്യക്തികളുടെയും പഞ്ചായത്തിന്റെയും ഉടമസ്ഥതയിലുള്ള പടിഞ്ഞാറേ കല്ലടയിലെ വെള്ളക്കെട്ടായി മാറിയ 350 ഏക്കർ പാടശേഖരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
സോളാർ പദ്ധതിയിലൂടെ ഉൽപാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് നൽകും. ഈയിനത്തിൽ ലഭിക്കുന്ന വരുമാനത്തിൽ നിശ്ചിത ശതമാനം ഭൂ ഉടമകൾക്കും ലഭിക്കും. ഭൂ ഉടമകളിൽനിന്ന് 25 വർഷത്തേക്കാണ് കെ.എസ്.ഇ.ബി സ്ഥലം പാട്ടത്തിന് ഏറ്റെടുക്കുന്നത്.
വൈദ്യുതി വില സംബന്ധിച്ച് നാഷനൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപറേഷനും (എൻ.എച്ച്.പി.സി) കെ.എസ്.ഇ.ബിയും ധാരണയിൽ എത്തിയതോടെ പദ്ധതി യാഥാർഥ്യമാകുമെന്ന് കരുതിയെങ്കിലും മെല്ലപ്പോക്ക് തുടരുകയാണ്. പദ്ധതി നടത്തിപ്പിന് കരാറെടുത്ത അപ്പോളോ കമ്പനിക്ക് വർക്ക് ഓർഡർ ലഭിക്കാത്തതിനാലാണ് പദ്ധതി നിർമാണം ആരംഭിക്കാത്തത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട കാലാവധി കഴിഞ്ഞാൽ മുഖ്യമന്ത്രി നേരിട്ടെത്തി പദ്ധതിയുടെ നിർമാണ ഉദ്ഘാടനം നടത്തുമെന്നാണ് വിവരം. പദ്ധതിയുടെ നിർമാണം എത്രയും വേഗം ആരംഭിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്ന് പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഡോ.സി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.