ശാസ്താംകോട്ട തടാകത്തിൽ നീർനായ ശല്യം
text_fieldsശാസ്താംകോട്ട: തടാകത്തിൽ നീർനായകളുടെ എണ്ണം വർധിക്കുന്നതായി പരാതി. ഇത്തരത്തിലുള്ള ജീവികളുടെ സാന്നിധ്യം തീരെ കുറവായിരുന്ന തടാകത്തിൽ 2018ലെ പ്രളയത്തിനു ശേഷമാണ് നീർനായകളുടെ സാന്നിധ്യം കണ്ടുവരുന്നത്.
ആദ്യകാലങ്ങളിൽ ഇവനിരനിരയായി ഒഴുകി നടക്കുന്നത് കണ്ട് മുതലയാണ് എന്ന് തെറ്റിദ്ധരിച്ച് ജനങ്ങൾക്കിടയിൽ ആശങ്ക പടർന്നിരുന്നു. തടാക തീരങ്ങളിൽ കൂട്ടത്തോടെ എത്തുന്ന ഇവ ഭക്ഷണവിസർജ്യങ്ങൾ ഉപേക്ഷിക്കുക പതിവാണ്. ഇവയുടെ ആക്രമണം ഭയന്നാണ് ആളുകൾ തീരത്ത് നടക്കുന്നത്. മീനുകളാണ് ഇവയുടെ ഭക്ഷണം.
നീർനായകളുടെ എണ്ണം വർധിച്ചതോടെ മത്സ്യ സമ്പത്തിന് കുറവുള്ളതായി മത്സ്യത്തൊഴിലാളികളും ചൂണ്ടയിട്ട് മീൻ പിടിക്കുന്ന വരും പരാതി പറയുന്നു. കൂടാതെ ഇവ വലകൾ നശിപ്പിക്കുകയും ചെയ്യുന്നു. നീർനായകളെ പിടികൂടുന്നതിനും നിയന്ത്രിക്കുന്നതിനും വേണ്ട നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ‘നമ്മുടെ കായൽ കൂട്ടായ്മ’ കൺവീനർ എസ്. ദിലീപ് കുമാർ സമുദ്ര പഠന സർവകലാശാല, തണ്ണീർത്തട അതോറിറ്റി, ജില്ല കലക്ടർ എന്നിവരെ വിവരം ധരിപ്പിക്കുകയും പരാതി നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.