പടിഞ്ഞാറേ കല്ലട വെട്ടിയതോട് പാലം നിർമാണം ഇഴയുന്നു
text_fieldsശാസ്താംകോട്ട: പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ നിർമാണം ആരംഭിച്ച പടിഞ്ഞാറേ കല്ലട വെട്ടിയതോട് പാലം യാഥാർഥ്യമാകാൻ ഇനിയും ഏറെ കാത്തിരിക്കണം. പ്രവൃത്തി ഇഴഞ്ഞ് നീങ്ങുകയാണ്. 2021 നവംബർ 12ന് മന്ത്രി മുഹമ്മദ് റിയാസ് നിർമാണ ഉദ്ഘാടനം നിർവഹിച്ച പാലത്തിന്റെ സ്പാനുകൾ നേരത്തേ പൂർത്തീകരിച്ചിരുന്നു.
ബീമുകളുടെ നിർമാണ ഭാഗമായുള്ള കമ്പികെട്ടലാണ് ഇപ്പോൾ നടക്കുന്നത്. ദ്രുതഗതിയിൽ ചെയ്യേണ്ട പണി കുറെനാളുകളായി രണ്ടോ മൂന്നോ പേർ മാത്രമായാണ് ചെയ്യുന്നത്. പടിഞ്ഞാറേകല്ലട-നെൽപ്പുരക്കുന്ന് പ്രധാന പാതയിലെ വെട്ടിയതോട് പാലം കാലപ്പഴക്കംകൊണ്ട് അപകടാവസ്ഥയിലായതിനെ തുടർന്നാണ് പുതിയത് നിർമിക്കണമെന്ന ആവശ്യം ഉയർന്നത്. ഏറെ നാളത്തെ ആവശ്യത്തിനുശേഷം 2016-17ലെ ബജറ്റിൽ പാലം നിർമാണത്തിന് 2.70 കോടി രൂപ അനുവദിച്ചെങ്കിലും സ്ഥലം ഏറ്റെടുക്കുന്നതിലെ പ്രതിസന്ധി മൂലം നീളുകയായിരുന്നു.
ഇത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയതോടെ കോവൂർ കുഞ്ഞുമോൻ എം.എൽ.എ അടക്കമുള്ളവരുടെ ഇടപെടലിലൂടെ സ്ഥലം വിട്ടുനൽകാൻ 12 വ്യക്തികൾ കരാർ ഒപ്പിട്ടു നൽകി. പാലം നിർമാണത്തിന് 3.27 കോടി രൂപയും സ്ഥലം ഏറ്റെടുക്കുന്നതിനും മറ്റുമായി 2.16 കോടി രൂപയും അനുവദിച്ചു. ടെൻഡർ നടപടി 2021 മാർച്ചിൽ പൂർത്തീകരിക്കുകയും പിന്നാലെ നവംബറിൽ പ്രവൃത്തി ആരംഭിക്കുകയുമായിരുന്നു. പാലം നിർമിക്കുന്നതിനായി 16 മാസ കാലയളവാണ് അനുവദിച്ചിരുന്നത്. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ ഇനി ഒരുവർഷമായാലും പണി പൂർത്തിയാകുന്ന കാര്യം സംശയമാണ്.
പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതോടെ ജനങ്ങളാണ് ഏറെ ബുദ്ധിമുട്ടുന്നത്. കോതപുരം, കണ്ണങ്കാട്, ഐത്തോട്ടുവ, നെൽപ്പുരക്കുന്ന്, വളഞ്ഞ വരമ്പ് തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണ്. ബസ് സർവിസുകൾ നിർത്തിവെച്ചിരിക്കുന്നത് യാത്രാദുരിതം വർധിപ്പിച്ചിട്ടുണ്ട്. വില്ലേജ് ഓഫിസിലേക്കും കുട്ടികൾക്ക് നെൽപ്പുരക്കുന്ന് സ്കൂളിലേക്കും പോകാനും ഏറെ ബുദ്ധിമുട്ടാണ്. പാലം പണി നടക്കുന്നതിന് സമീപത്തുതന്നെ ചെറിയ വാഹനങ്ങൾക്ക് കടന്നു പോകാൻ താൽക്കാലിക സൗകര്യം ഒരുക്കിയിട്ടുണ്ടങ്കിലും ഇതിലേയുള്ള യാത്ര അപകടകരമാണെന്ന ആക്ഷേപവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.