പതാരം സർവിസ് സഹകരണ ബാങ്ക് നിയമന തർക്കം; നാല് ഭരണസമിതി അംഗങ്ങൾ രാജിെവച്ചു
text_fieldsശാസ്താംകോട്ട: നിയമന തർക്കത്തെതുടർന്ന് പതാരം സർവിസ് സഹകരണ ബാങ്കിലെ നാല് ഭരണസമിതി അംഗങ്ങൾ രാജിവെച്ചു. പുതുതായി നാല് ജീവനക്കാരെ നിയമിച്ചത് തങ്ങൾ അറിഞ്ഞില്ലെന്നും നിയമവും ചട്ടങ്ങളും നഗ്നമായി ലംഘിക്കപ്പെട്ടിട്ടും സഹകരണ വകുപ്പ് അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്നും രാജിെവച്ച ഭരണസമിതി അംഗങ്ങളായ എം.വി. ജയരാഘവൻ, ബി. ശിവദാസൻ, വി. സുരേന്ദ്രൻ, വി. ലൈലാബീവി എന്നിവർ ആരോപിച്ചു.
നിയമനം സുതാര്യമായും തർക്കരഹിതമായും നടത്തണമെന്ന ഡി.സി.സി പ്രസിഡന്‍റിന്‍റെ നിർദേശവും അവഗണിച്ചാണ് ഏകപക്ഷീയമായി ബാങ്ക് പ്രസിഡൻറ് നിയമനം നടത്തിയതെന്ന് രാജിെവച്ചവർ പറയുന്നു.
വികലാംഗ സംവരണം, മുന്നാക്കത്തിലെ പിന്നാക്ക സംവരണം എന്നിവ ലംഘിക്കപ്പെട്ടു, ഇൻറർവ്യൂവിന് ഭരണസമിതി അംഗങ്ങളെക്കൊണ്ട് മൂല്യനിർണയം ഉണ്ടായില്ല, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചില്ല. നിയമനത്തിനായി 2022 സെപ്റ്റംബർ അഞ്ചിന് കൂടി എന്ന് പറയപ്പെടുന്ന കമ്മിറ്റിയുടെ നോട്ടീസ് പോലും അംഗങ്ങൾക്ക് നൽകാതെയാണ് നിയമനം നടന്നിട്ടുള്ളത് എന്നിങ്ങനെയാണ് ആക്ഷേപങ്ങൾ.
ഉദ്യോഗാർഥികൾ നൽകിയ പരാതി ഹൈക്കോടതി അനുവദിക്കുകയും നിയമനത്തിലെ പരാതികൾ രണ്ടു മാസത്തിനകം അന്വേഷിച്ച് നടപടി സ്വീകരിക്കാനും അതുവരെ നിയമനം താൽക്കാലികമായിരിക്കും എന്ന് വിധിക്കുകയും ചെയ്തു.
സംഭവത്തിൽ നൽകിയ പരാതിയിൽ മണ്ഡലം, ബ്ലോക്ക്, ഡി.സി.സി അധ്യക്ഷന്മാെരയും ബാങ്ക് പ്രസിഡൻറിെനയും നേരിൽ കേട്ട കെ.പി.സി.സി, പ്രസിഡൻറിനോട് രാജിവെച്ച് പുതിയ പ്രസിഡന്‍റിനെ കണ്ടെത്താൻ നിർദേശം നൽകിയിട്ടും രാജിവെക്കാത്ത സാഹചര്യത്തിലാണ് നാലംഗങ്ങൾ രാജിവെച്ചത്. ഒരു ഭരണസമിതി അംഗത്തിന്‍റെ മകന് നിയമനം ലഭിക്കാൻ അദ്ദേഹം നേരത്തേ രാജിവെച്ചിരുന്നു.
1923ൽ പ്രവർത്തനമാരംഭിച്ച സംഘത്തിന്‍റെ ഭരണം 99 വർഷമായി കോൺഗ്രസിന്‍റെ കൈകളിലാണ്. ആകെയുള്ള ഒമ്പത് ഭരണസമിതി അംഗങ്ങളിൽ അഞ്ചുപേരും രാജിവെച്ചതിനാൽ ഭരണസമിതിയുടെ ക്വാറം നഷ്ടമായിരിക്കുകയാെണന്നും രാജിവെച്ചവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.