ടാറിങ്ങിനായി റോഡ് കുത്തിപ്പൊളിച്ചിട്ട് മാസങ്ങൾ; മണക്കാട്ട് മുക്ക്-അശ്വതി ജങ്ഷൻ റോഡിൽ യാത്ര ദുഷ്കരം
text_fieldsശാസ്താംകോട്ട: പുനർനിർമാണത്തിന്റെ പേരിൽ റോഡ് കുത്തിപ്പൊളിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ടാർ ചെയ്യാത്തതിനെതിരെ പ്രതിഷേധം ശക്തം. കൊല്ലം-തേനി ദേശീയപാതെയയും ഭരണിക്കാവ്-വണ്ടിപ്പെരിയാർ ദേശീയപാതയെയും ബന്ധിപ്പിക്കുന്ന മണക്കാട്ട് മുക്ക്-ഊക്കൻ മുക്ക് ബൈപാസ് റോഡിന്റെ 300 മീറ്റർ ദൂരം ഭാഗമാണ് പുനർനിർമാണത്തിനായി കുത്തിപ്പൊളിച്ചിട്ടത്.
ഊക്കൻ മുക്ക് മുതൽ അശ്വതി ജങ്ഷന് വടക്ക് വരെയുള്ള 800 മീറ്റർ ദൂരം ജില്ല പഞ്ചായത്തിന്റെ 45 ലക്ഷം രൂപ ചെലവിൽ അടുത്തിടെ ടാറിങ് നടത്തി നവീകരിച്ചിരുന്നു. മണക്കാട്ട് മുക്ക് വരെയുള്ള ബാക്കി ദൂരം ഒഴിവാക്കിയതിനെതിരെ പ്രതിഷേധവും ഉയർന്നിരുന്നു.
തുടർന്ന് 20 ലക്ഷം കൂടി അനുവദിച്ചു. ടാറിങ്ങിനായി റോഡ് കുത്തിപ്പൊളിച്ച ശേഷം പഴയ ടാറിങ്ങിന്റെ അവശിഷ്ടങ്ങൾ റോഡിൽ തന്നെ നിരത്തി. ഇതോടെ കാൽനട പോലും അസാധ്യമായി. ഇളകിക്കിടക്കുന്ന മെറ്റലിൽ കയറി ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപെടുകയാണ്. വലിയ വാഹനങ്ങൾ പോകുമ്പോൾ മെറ്റിൽ ചീളുകൾ തെറിച്ച് വീണ് അപകടവും ഉണ്ടാകുന്നു.
പൊടിശല്യം കാരണം സമീപവാസികളും ബുദ്ധിമുട്ടിലായി. സമീപത്തെ അംഗൻവാടിയിലേക്ക് കുട്ടികളെയും കൊണ്ട് വരുന്ന രക്ഷിതാക്കളും വലയുകയാണ്. നിർമാണത്തിനായി കുറച്ച് മെറ്റിലുകൾ ഇറക്കിയതല്ലാതെ മറ്റൊരു പ്രവൃത്തിയും കരാറുകാരൻ ചെയ്തില്ല.
പൊടിശല്യം കുറക്കാൻ ഇടവിട്ട് വെള്ളം തളിക്കണമെന്ന നിർദേശവും പാലിച്ചില്ല. അടൂർ, കൊട്ടാരക്കര ഭാഗങ്ങളിൽ നിന്നെത്തുന്നവർക്ക് കൊല്ലം-കുണ്ടറ കല്ലട ഭാഗങ്ങളിലേക്കും തിരിച്ചും ഭരണിക്കാവിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ പോകാമായിരുന്ന റോഡാണ് പുനർനിർമാണത്തിന്റെ പേരിൽ ഈ അവസ്ഥയിലായത്.
300 മീറ്റർ ദൂരത്തെ ടാറിങ് പൂർത്തീകരിച്ചെങ്കിൽ മാത്രേമ ഒരു കിലോമീറ്ററിലധികം ദൂരമുള്ള റോഡിന്റെ പ്രയോജനം യാത്രക്കാർക്ക് ലഭിക്കൂ. എത്രയും വേഗം റോഡ് നിർമാണം പൂർത്തീകരിച്ച് യാത്രക്കാരുടെ ദുരിതത്തിന് അറുതിവരുത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.