പോസ്റ്റൽ നിക്ഷേപം; ലക്ഷങ്ങളുടെ വെട്ടിപ്പ്
text_fieldsശാസ്താംകോട്ട: പോസ്റ്റൽ നിക്ഷേപങ്ങളിൽ ലക്ഷങ്ങളുടെ വെട്ടിപ്പ് നടത്തിയതായി പരാതി. അടൂർ പോസ്റ്റൽ ഡിവിഷൻ പരിധിയിലെ ശൂരനാട് വടക്ക് പാറക്കടവ് പോസ്റ്റ് ഓഫിസിലാണ് സംഭവം. മക്കളുടെയും ചെറുമക്കളുടെയും ജീവിത സുരക്ഷക്കും വിവാഹത്തിനും ഉൾപ്പെടെ ലക്ഷ്യമിട്ട് വിവിധ സ്കീമുകളിൽ പണം അടച്ച നിക്ഷേപകരാണ് പരാതിക്കാർ. പുലിക്കുളം സ്വദേശികൾക്ക് 1.16 ലക്ഷവും 30,000 രൂപയും മറ്റൊരാൾക്ക് 60000 രൂപയും നഷ്ടമായി. നിക്ഷേപകർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ പൊലീസും പോസ്റ്റൽ വകുപ്പും പരിശോധന നടത്തി.
പണം നൽകിയവരുടെ പേരിൽ അക്കൗണ്ട് പോലും തുറക്കാതെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. മിക്കവർക്കും രണ്ട് വർഷമായി പാസ്ബുക്കും രസീതും നൽകിയിട്ടില്ല. വയോധികരായ നിക്ഷേപകർ പാസ്ബുക്ക് ആവശ്യപ്പെടുമ്പോൾ ഹെഡ് ഓഫിസിൽ നിന്നും വരാൻ വൈകുമെന്നും തുക മാസവും മുടങ്ങാതെ അടച്ചാൽ മതിയെന്നുമുള്ള മറുപടിയാണ് കിട്ടിയത്. പാസ്ബുക്കിൽ പതിച്ച ശേഷവും അക്കൗണ്ടിൽ അടക്കാതെ തുക വെട്ടിച്ച സംഭവങ്ങളുമുണ്ട്.
സാമ്പത്തിക ക്രമക്കേടുകൾ നടന്നതിനാൽ പാറക്കടവ് പോസ്റ്റ് ഓഫിസിൽ അക്കൗണ്ടുള്ള എല്ലാ ഇടപാടുകാരും പാസ്ബുക്ക് വെരിഫിക്കേഷന് എത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അടൂർ സബ് ഡിവിഷനിൽ നിന്നുള്ള നോട്ടീസ് പോസ്റ്റ് ഓഫിസിനു മുന്നിൽ പതിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പേർ പരാതിയുമായി എത്തുമെന്നും സൂചനയുണ്ട്.
നടപടി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രതിഷേധ പ്രകടനം നടത്തിയ ശേഷം പൊലീസിൽ പരാതി നൽകി. പരാതി സംബന്ധിച്ച് പോസ്റ്റൽ വകുപ്പ് പരിശോധന തുടരുകയാണെന്നും നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.