ദേശീയപാതയിൽ കോഴിമാലിന്യം തള്ളി
text_fieldsകടപുഴയിൽ കോഴിമാലിന്യം തള്ളിയനിലയിൽ
ശാസ്താംകോട്ട: കൊല്ലം-തേനി ദേശീയപാതയിൽ കോഴിമാലിന്യം തള്ളി. കടപുഴ ജങ്ഷന് പടിഞ്ഞാറ് ഭാഗത്ത് ഉപരികുന്നം ക്ഷേത്രത്തിനും എൽ.പി സ്കൂളിനും സമീപത്തെ റോഡിലാണ് ദിവസങ്ങൾ പഴക്കമുള്ള ഒരു ലോഡ് കോഴിമാലിന്യം തള്ളിയത്. തിങ്കളാഴ്ച രാവിലെയാണ് ഇക്കാര്യം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ജനപ്രതിനിധികൾ വിവരം പൊലീസിനെ അറിയിച്ചു. ശേഷം മണ്ണുമാന്തിയന്ത്രം എത്തിച്ച് മാലിന്യം കുഴിച്ച് മൂടി. ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെത്തി ക്ലോറിനേഷനും നടത്തി.
തിങ്കളാഴ്ച പുലർച്ചെ 2.15ഓടെ വാഹനത്തിൽ മാലിന്യം കൊണ്ടുവന്ന് തള്ളുന്ന ദൃശ്യം സമീപത്തെ സ്ഥാപനങ്ങളിലെ സി.സി ടി.വിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. പടി. കല്ലട പ്രദേശത്ത് കോഴിമാലിന്യം തള്ളുന്നതും കടപുഴ പാലത്തിൽനിന്ന് കല്ലടയാറ്റിലേക്ക് അറവുമാലിന്യം പതിവാണ്. ശാസ്താംകോട്ട, കിഴക്കേ കല്ലട പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു.
അടിയന്തരമായി കുറ്റക്കാരെ കണ്ടെത്തണമെന്നും കടപുഴ പാലം, ഉപരികുന്നം സ്കൂൾ ഭാഗം എന്നിവിടങ്ങളിൽ സി.സി.ടി.വി സ്ഥാപിക്കണമെന്നും കോൺഗ്രസ് പടിഞ്ഞാറേ കല്ലട മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പുന്നമൂട് മുതലുള്ള സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വാഹനം കണ്ടെത്തി പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ശാസ്താംകോട്ട പൊലീസിൽ പരാതി നൽകിയതായി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എസ്. സുധീർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.