ശാസ്താംകോട്ടയിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം
text_fieldsശാസ്താംകോട്ട: മേഖലയിലെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരമുണ്ടാകണമെന്ന ആവശ്യം ശക്തമാകുന്നു. ശാസ്താംകോട്ട കെ.എസ്.ഇ.ബി ഓഫിസിന് കീഴിൽ പ്രതിദിനം 10 തവണയെങ്കിലും വൈദ്യുതി മുടങ്ങുന്നു.
വോൾട്ടേജ് ക്ഷാമവും രൂക്ഷമാണ്. ചെറുകിട വ്യവസായ സംരംഭങ്ങൾ അടക്കം അടച്ചുപൂട്ടൽ ഭീഷണിയിലാണ്. വീടുകളിലും സ്ഥിതി ദയനീയമാണ്. പ്രശനപരിഹാരത്തിനായി പ്രപ്പോസലുകൾ ഒരുപാടുണ്ടങ്കിലും ഒന്നും പ്രാവർത്തികമാകുന്നില്ലെന്നാണ് ആക്ഷേപം. മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരത്തിനായി 35000 ലധികം കണക്ഷനുകൾ ഉള്ള
ശാസ്താംകോട്ട സെക്ഷൻ ഓഫിസ് വിഭജിക്കണം എന്ന ആവശ്യം നിലനിൽക്കെ തന്നെ കാരാളിമുക്കിലെ താൽക്കാലിക ഓഫിസ് അടച്ചുപൂട്ടി. ഇതോടെ ജോലിഭാരം വർധിപ്പിക്കുകയും വൈദ്യുതി
പ്രതിസന്ധി രൂക്ഷമാക്കുകയും ചെയ്തു. ശാസ്താംകോട്ടയുടെ തൊട്ടടുത്ത തേവലക്കരയിൽ സബ് സ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യം ഇപ്പോഴും കടലാസിൽ മാത്രമായി അവശേഷിക്കുന്നു. ശാസ്താംകോട്ട സിനിമപറമ്പ് സബ് സ്റ്റേഷൻ 110 കെ.വി, 220 കെ.വി ആയി ഉയർത്തണമെന്ന ആവശ്യവും നടപ്പിലായിട്ടില്ല. ഇത് നടപ്പിലായാരുന്നങ്കിൽ ശാസ്താംകോട്ട മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരമായേനെ.
താൽകാലിക പരിഹാരമെന്ന നിലയിൽ ശാസ്താംകോട്ട സബ് സ്റ്റേഷനിൽ നിന്ന് കേബിൾ വഴി വൈദ്യുതി എത്തിച്ച് ശാസ്താംകോട്ടയിൽ ഒരു ഫീഡർ സ്ഥാപിക്കുവാനുള്ള പദ്ധതി എസ്റ്റിമേറ്റ് എടുത്ത് കൊടുത്തിട്ട് ഇതുവരെയും നടപ്പിലാക്കിയില്ല.
രണ്ട് വർഷം മുമ്പ് ഏകദേശം 65 ലക്ഷം രൂപയ്ക്ക് പദ്ധതി നടപ്പിലാക്കാൻ കഴിയുമായിരുന്നങ്കിൽ ഇപ്പോൾ നടപ്പിലാക്കുവാൻ 90 ലക്ഷം രൂപയോളമാകും. അടിയന്തിരമായി എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഇപ്പോൾ വാട്ടർ അതോറിറ്റിയുടെ ഫീഡറാണ് ജനറൽ പർപ്പസിനും കൂടി ഉപയോഗിക്കുന്നത്.
കരുനാഗപ്പള്ളി അടക്കമുള്ള മേഖലകളിൽ വൈദ്യുതി പ്രതിസന്ധി ഉണ്ടാകുമ്പോൾ ശാസ്താംകോട്ടയിൽ നിന്ന് വൈദ്യുതി കൊടുക്കുന്നതോടെ ഈ മേഖലയിലും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്.
ഈ വിഷയങ്ങൾ ഉന്നയിച്ച് വകുപ്പ് മന്ത്രിക്കും വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പരാതി നൽകിയതായി ബ്ലോക്ക് പഞ്ചായത്ത് അംഗം തുണ്ടില്‍ നൗഷാദ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.