പടിഞ്ഞാറെ കല്ലടയിൽ മഴക്കാലപൂർവ ശുചീകരണം പാളി
text_fieldsശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട പഞ്ചായത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനം അവതാളത്തിലായതിനെ തുടർന്ന് ഗ്രാമീണ മേഖലയിൽ രോഗങ്ങൾ പടരുന്നതായി ആക്ഷേപം.
പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങൾ മിക്കതും വെള്ളക്കെട്ടിലാണ്. ഓട ശുചീകരണവും മാലിന്യം നീക്കലും യഥാസമയം നടത്താത്തതിനാൽ വീടുകൾക്ക് ചുറ്റും മഴവെള്ളം കെട്ടിനിൽക്കുന്നത് ഭീഷണിയാകുന്നു. ഓരോ ദിവസം കഴിയുംതോറും മേഖലകളിൽ പനി പടരുകയാണ്. രോഗവ്യാപനം രൂക്ഷമായ മേഖലകളിൽ കൊതുകുജന്യ രോഗങ്ങൾക്കെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. വെള്ളക്കെട്ടായ പ്രദേശങ്ങളിൽ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ഉറവിട നശീകരണവും കൊതുക് സാന്ദ്രതാപഠനവും നടത്തണം.
പടിഞ്ഞാറേ കല്ലട ഗ്രാമപഞ്ചായത്തിൽ കണത്താർകുന്നം, കുന്നപ്പുഴ, മണ്ണത്തയ്യത്ത്, കോയിക്കടവ് എന്നീ പ്രദേശങ്ങളിൽ വീടിന് പുറത്ത് ഇറങ്ങുവാൻ കഴിയാത്ത തരത്തിൽ വെള്ളം കെട്ടി കിടക്കുകയാണ്. മിക്ക സ്ഥലങ്ങളിലും പതിവായി നടക്കാറുള്ള മഴക്കാലപൂർവ ശുചീകരണം ഇത്തവണ നടന്നില്ല. അടിയന്തിരമായി പരിഹാരം ഉണ്ടാകണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധ സമരങ്ങൾ ആരംഭിക്കുമെന്നും മുസ്ലിം ലീഗ് കുന്നത്തൂർ നിയോജക മണ്ഡലം പ്രസിഡന്റ് കാരാളി വൈ.എ. സമദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.