നവീകരണം ഫലം കണ്ടില്ല; ഉപയോഗശൂന്യമായി ആറാട്ട് കുളം
text_fieldsശാസ്താംകോട്ട: ഏറെ പ്രതീക്ഷയോടെ നടത്തിയ മൈനാഗപ്പള്ളി വേങ്ങയിലെ ആറാട്ട് കുളം നവീകരണം ഫലം കണ്ടില്ല. കുളത്തിൽ വീണ്ടും പായലും കുളവാഴകളും നിറഞ്ഞു. കുളത്തിലിറങ്ങാൻ പോലും കഴിയാത്ത വിധം ചുറ്റും കാട് നിറയുകയും ചെയ്തു.
വർഷങ്ങളായി ഉപയോഗിക്കാതെ കിടന്നത് മൂലം പായലും കുളവാഴകളും നിറഞ്ഞ് മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയ കുളം പ്രദേശവവാസികളുടെ നിരന്തര ആവശ്യത്തെയും സമർദത്തെയും തുടർന്നാണ് നവീകരിക്കാൻ മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് തയാറായത്.
2021ൽ 10 ലക്ഷം രൂപയാണ് കുളം നവീകരണത്തിന് നീക്കിവെച്ചത്. പായലും കുളവാഴകളും നീക്കം ചെയ്ത് വെള്ളം വറ്റിച്ച് ചെളി നീക്കം ചെയ്യുകയും വശങ്ങളിലെ കെട്ടുകൾ ഉയർത്തി കെട്ടുകയും മാലിന്യംതള്ളാൻ കഴിയാത്ത തരത്തിൽ ചുറ്റും വേലിയും സ്ഥാപിച്ചു. ഭാവിയിൽ കുളം നീന്തൽ പരിശീലന കേന്ദ്രമാക്കുന്ന തരത്തിലുള്ള നവീകരണമാണ് ലക്ഷ്യമിടുന്നതെന്നാണ് അന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ, ഏറെ വൈകാതെ കുളത്തിൽ പഴയതുപോലെ ഉപയോഗശൂന്യമായി. ചുറ്റും സ്ഥാപിച്ച വേലികളിൽപ്പോലും വള്ളി പടർപ്പുകൾ പടർന്ന് കുളത്തിലേക്ക് ഇറങ്ങാൻ കഴിയാത്ത അവസ്ഥയായി.
പരാതി ഉയർന്നതോടെ ഏതാനും മാസം മുമ്പ് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് വശങ്ങളിലെ കാട് വെട്ടിമാറ്റിയിരുന്നു. എന്നാൽ, കുളവാഴകളും പായലും നീക്കം ചെയ്തിരുന്നില്ല. വീണ്ടും വശങ്ങളിൽ കാട് കയറിയിട്ടുണ്ട്. ഇതോടെ കുളം നവീകരത്തിന് വേണ്ടി ചെലവഴിച്ച 10 ലക്ഷം രൂപ പാഴായി. വെട്ടിക്കാട്ട് ശ്രീ മഹാദേവർ ക്ഷേത്രം, വേങ്ങ മൂത്തോട്ടിൽ ദേവീക്ഷേത്രം, ഇണ്ടിളയപ്പൻ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലെ ആറാട്ട് നടക്കുന്ന കുളം കൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.