പ്രഖ്യാപനങ്ങൾക്ക് കുറവില്ല; പാതിരിക്കൽ അണയുടെ നവീകരണം കടലാസിലൊതുങ്ങുന്നു
text_fieldsശാസ്താംകോട്ട: ശൂരനാട് വടക്ക് പാറക്കടവ് പാതിരിക്കൽ ഡാം നവീകരിക്കുമെന്ന പ്രഖ്യാപനം കടലാസിലൊതുങ്ങി. ഒാരോ തവണയും ബജറ്റ് അവതരിപ്പിക്കുമ്പോൾ കോടികൾ നവീകരണത്തിന് പ്രഖ്യാപിക്കുമെങ്കിലും നവീകരണം മാത്രം ഇതുവരെ യാഥാർഥ്യമായില്ല. പാതിരിക്കലിൽ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കുന്നതിനും പള്ളിക്കലാറിന്റെ ഇരുവശങ്ങൾ സംരക്ഷിക്കുന്നതിനുമായി 50 കോടിയോളമാണ് കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം.
പാതിരിക്കലിൽ പള്ളിക്കലാറിന് കുറുകെ നിർമിച്ച ഡാമിന് ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ട്. ഓണമ്പിള്ളി, ആനയടി, കൊച്ചുപുഞ്ച തുടങ്ങിയ ഏലാകളിൽ വേനല്ക്കാലത്ത് കൃഷിക്കാവശ്യമായ വെള്ളം എത്തിയിരുന്നത് ഇവിടെ നിന്നാണ്. ഡാമിൽ വെള്ളം തടഞ്ഞുനിർത്തി ചാലുകൾവഴി ഏലാകളിലേക്ക് തിരിച്ചുവിടുകയാണ് രീതി.
കൂടാതെ പാതിരിക്കൽ, ആനയടി, പാറക്കടവ് നിവാസികൾ നടപ്പാതയായും ഇത് ഉപയോഗിക്കുന്നു. കാലപ്പഴക്കത്താൽ ഡാമിന്റെ സംരക്ഷണഭിത്തിയും തൂണുകളും തകർച്ചയിലാണ്. സംരക്ഷണഭിത്തിയിൽ വലിയ ഗർത്തം രൂപപ്പെട്ടു. തൂണുകളിൽ വിള്ളൽ വീണു. പലകകളാണ് ഇപ്പോഴും ഷട്ടറായി ഉപയോഗിക്കുന്നത്. ഇവ ദ്രവിച്ചനിലയിലാണ്. ഡാമിന്റെ ചോർച്ച കാരണം പൂർണമായും വെള്ളം തടഞ്ഞുനിർത്താൻ കഴിയുന്നില്ല.
അതിനാൽ ചാലുകൾവഴി വെള്ളം കാര്യമായി ഏലാകളിലേക്ക് എത്തുന്നില്ല. എൻ.കെ. പ്രേമചന്ദ്രൻ ജലവിഭവമന്ത്രിയായിരുന്നപ്പോഴാണ് ഡാം നവീകരണത്തിനായി ഒന്നേകാൽ കോടി അനുവദിച്ചെന്നും റെഗുലേറ്റർ കം ബ്രിഡ്ജ് രീതിയിലാവും നിർമാണമെന്നും പ്രഖ്യാപിച്ചത്. എന്നാൽ, വർഷങ്ങൾ ഏറെ കഴിഞ്ഞെങ്കിലും ഒന്നും നടന്നില്ല. നിലവിൽ നടപ്പാതയായി ഉപയോഗിക്കുന്ന ഡാം റെഗുലേറ്റർ കം ബ്രിഡ്ജായി നിർമിച്ചാൽ ഇരുകരകളിലെയും ജനങ്ങളുടെ ഗതാഗതസൗകര്യവും വർധിക്കും. ഓരോ ബജറ്റിലും തുക പ്രഖ്യാപിക്കുന്നത് തട്ടിപ്പാണെന്ന് ജനങ്ങൾക്കും മനസ്സിലായിത്തുടങ്ങി. ഡാം നവീകരിക്കുന്നതിനും പുതിയ പാലം നിർമിക്കുന്നതിനുമായി സാധ്യതാപഠനം പൂർത്തിയാക്കി ഡി.പി.ആർ സമർപ്പിച്ചതായും തുടർനടപടി വേഗത്തിൽ പൂർത്തിയാക്കുമെന്നുമാണ് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.