റോഡ് പണി: മൈനാഗപ്പള്ളി റെയിൽവേ ഗേറ്റിലൂടെയുള്ള യാത്ര ദുഷ്കരം
text_fieldsശാസ്താംകോട്ട: നൂറുകണക്കിന് വാഹനങ്ങൾ നിമിഷംപ്രതി കടന്നുപോകുന്ന കരുനാഗപ്പള്ളി-ശാസ്താംകോട്ട പ്രധാന പാതയിൽ മൈനാഗപ്പള്ളി റെയിൽവേ ഗേറ്റിൽ കൂടിയുള്ള യാത്ര ദുഷ്കരമായി. ഗേറ്റിന്റെ ഇരുവശവും റോഡ് ഉയർത്തി ടാർ ചെയ്യുന്നതിന് മെറ്റൽ വിരിച്ചിട്ടിരിക്കുന്ന ഭാഗത്ത് ടാർ ചെയ്യാത്തതാണ് അപകടത്തിനും പൊടിശല്യത്തിനും കാരണമാകുന്നത്.
ഒക്ടോബർ 14 മുതൽ 18 വരെ ഗേറ്റ് അടച്ചിട്ട ശേഷമാണ് ഇരുഭാഗത്തും 20 മീറ്ററോളം ഭാഗം റോഡിളക്കി മെറ്റൽ പാകിയത്. ടാറിങ് ചെയ്യാതെ റോഡ് ഗതാഗതത്തിന് തുറന്നതോടെ മെറ്റലുകൾ ഇളകി യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. ഈ ഭാഗം ഉയർന്നുനിൽക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. ഇരുചക്ര വാഹനയാത്രക്കാരാണ് കൂടുതൽ അപകടത്തിൽപ്പെടുന്നത്. മെറ്റലുകളുടെ പുറത്ത് വാഹനങ്ങൾ കയറുമ്പോൾ തെന്നി മറിയുകയാണ്. രാത്രിയിൽ അപകടം ഏറെയാണെന്ന് സമീപവാസികൾ പറയുന്നു.
വാഹനങ്ങൾ കടന്ന് പോകുമ്പോളുണ്ടാകുന്ന പൊടിശല്യം യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് പോലെ കടകളിലേക്കും വീടുകളിലേക്കും അടിച്ചു കയറുകയാണ്. ഗേറ്റ് ഒഴിവാക്കി മേൽപാലം നിർമിക്കാനുള്ള നടപടി പൂർത്തിയായക്കൊണ്ടിരിക്കെ എന്തിനാണ് ഇങ്ങനെ ഒരു പണിയെന്നാണ് പ്രദേശവാസികളുടെ സംശയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.