നാടാകെ വഴിയോരവിശ്രമ കേന്ദ്രങ്ങൾ; പ്രവർത്തിക്കുന്നവ നാമമാത്രം
text_fieldsശാസ്താംകോട്ട: വഴിയാത്രികർക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനും വിശ്രമിക്കാനും നാടാകെ വഴിയോരവിശ്രമ കേന്ദ്രങ്ങൾ പണിതിട്ടുണ്ടെങ്കിലും പ്രവർത്തിക്കുന്നവ നാമമാത്രം. 17 മുതൽ 25 ലക്ഷം രൂപ വരെ ചെലവഴിച്ച് നിർമിച്ച കേന്ദ്രങ്ങളാണ് പല പഞ്ചായത്തുകളിലും ഉപയോഗിക്കാതെ നശിക്കുന്നത്. കുന്നത്തൂർ താലൂക്കിലെ ഏഴ് പഞ്ചായത്തുകളിൽ അഞ്ചിലും കേന്ദ്രങ്ങളുണ്ടെങ്കിലും പ്രവർത്തിക്കുന്നത് രണ്ടണ്ണം മാത്രം.
കുന്നത്തൂർ പഞ്ചായത്തിലെ വിശ്രമ കേന്ദ്രം നെടിയവിളയിൽ നിർമാണഘട്ടത്തിലാണ്. പോരുവഴി പഞ്ചായത്തിലേത് ഇടയ്ക്കാട് ജങ്ഷനിൽ ഒക്ടോബർ രണ്ടിന് ഉദ്ഘാടനം ചെയ്യുന്നുണ്ട്. മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിന്റെ വഴിയോരവിശ്രമ കേന്ദ്രം കരുനാഗപ്പള്ളി-ശാസ്താംകോട്ട പ്രധാന പാതയരികിൽ മൈനാഗപ്പള്ളി റെയിൽവേ ഗേറ്റിന് സമീപമാണ്. മൂന്ന് വർഷം മുമ്പ് പണി പൂർത്തീകരിച്ചെങ്കിലും വൈദ്യുതി-വെള്ളകണക്ഷൻ ലഭിക്കാത്തതിനാൽ ഉദ്ഘാടനം രണ്ട് വർഷത്തോളം വൈകി. ശേഷം ഒരുവർഷം മുമ്പ് ഉദ്ഘാടനം ചെയ്തങ്കിലും വിശ്രമകേന്ദ്രം പ്രവർത്തനം ആരംഭിച്ചിട്ടില്ല. പടിഞ്ഞാറെ കല്ലട ഗ്രാമ പഞ്ചായത്ത് കടപുഴ ജങ്ഷനിൽ നിർമിച്ച കേന്ദ്രം ആറ് മാസം മുമ്പ് ഉദ്ഘാടനം ചെയ്തു. ഇതിനോടനുബന്ധിച്ച് എ.ടി.എം ആരംഭിച്ചെങ്കിലും വിശ്രമകേന്ദ്രം പ്രവർത്തനം തുടങ്ങിയില്ല. ഇവിടെ കുടുംബശ്രീയുടെ കിയോസ്കിന് അനുമതി ലഭിച്ചെന്നും നിർമാണം പൂർത്തിയായാൽ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു.
ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് ജങ്ഷനിൽ മുമ്പ് കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപം നിർമിച്ച വഴിയോരവിശ്രമ കേന്ദ്രത്തിൽ കുടുംബശ്രീയുടെ ഹോട്ടൽ പ്രവർത്തിക്കുന്നുണ്ട്. ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് കൊല്ലം-തേനി ദേശീയപാതക്കരികിൽ ശൂരനാട് പുളിമൂട് ജങ്ഷന് സമീപം വർഷങ്ങൾക്ക് മുമ്പ് പണി പൂർത്തീകരിച്ച വിശ്രമ കേന്ദ്രം ഒരുമാസം മുമ്പാണ് ഉദ്ഘാടനം ചെയ്തത്. കെട്ടിടം ഇനിയും പ്രവർത്തനം ആരംഭിച്ചിട്ടില്ല.
ശൂരനാട് തെക്ക് ഗ്രാമ പഞ്ചായത്ത് ചക്കുവള്ളി ചിറയിൽ ആരംഭിച്ച വഴിയോരവിശ്രമ കേന്ദ്രം നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.