ശാസ്താംകോട്ട തടാകത്തിലെ ജലനിരപ്പ് ഉയരുന്നു
text_fieldsശാസ്താംകോട്ട: തടാകത്തിലെ ജലനിരപ്പ് ഉയരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായുള്ള കനത്ത മഴയെ തുടർന്നാണ് ജലനിരപ്പ് ഉയർന്നുതുടങ്ങിയത്. അമ്പലക്കടവിലെ കൽപ്പടവ് വരെ ജലം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ മാർച്ചിൽ തടാകത്തിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞ് അമ്പലക്കടവിലെ കൽപ്പടവിൽനിന്ന് ഏറെ താഴെ എത്തിയിരുന്നു.
കടുത്ത വേനലാണ് ജലം കുറയാൻ കാരണമായത്. കഴിഞ്ഞവർഷങ്ങളിൽ വേനൽക്കാലത്ത് സമുദ്രനിരപ്പിൽനിന്ന് 150.5 സെന്റീമീറ്റർ ആയിരുന്നു ജലനിരെപ്പങ്കിൽ ഈ വർഷം മാർച്ചിൽ കേവലം 37 സെന്റീമീറ്ററായിരുന്നു. വെള്ളിയാഴ്ച ഇത് 112 ലേക്ക് എത്തിയിട്ടുണ്ട്. 2018 ലെ പ്രളയത്തിനുശേഷം അമ്പലക്കടവിലെ കൽപ്പടവുകൾ വരെ ജലനിരപ്പ് ഉയർന്ന് നിന്നിരുന്നു. അമ്പലക്കടവിൽ നിന്ന് തടാകത്തിന്റെ തീരത്തുകൂടി സഞ്ചരിക്കാൻ കഴിയാത്തവിധം ഈ ഭാഗങ്ങളിലും ജലം സമൃദ്ധമായിരുന്നു. കാൽ നൂറ്റാണ്ടിന് ശേഷമായിരുന്നു ഈ നിലയിൽ തടാകത്തിൽ ജലനിരപ്പുയർന്നത്. എന്നാൽ ഇപ്പോൾ അമ്പലക്കടവിലെ കൽപ്പടവുകൾ വരെ ജലനിരപ്പ് ഉയർന്നെങ്കിലും തടാകത്തിന്റെ തീരത്ത് സഞ്ചരിക്കാവുന്ന അവസ്ഥയാണ്.
വർഷങ്ങൾക്ക് മുമ്പ് തടാകത്തിലെ ജലനിരപ്പ് ക്രമാതീതമായി താഴുകയും ഏക്കർ കണക്കിന് സ്ഥലം കരഭൂമിപോലെ ആവുകയും തടാകത്തിൽ നിന്നുള്ള വിവിധ കുടിവെള്ള പദ്ധതികളുടെ പമ്പിങ് പ്രതിസന്ധിയിലാവുകയും ചെയ്തിരുന്നു. തടാകത്തിന്റെ പ്രാന്തപ്രദേശമായ പടിഞ്ഞാറേ കല്ലടയിൽ മണൽഖനനം മൂലം തടാകത്തിനെക്കാൾ താഴ്ച ഉണ്ടാവുകയും ജലം ഇവിടേക്ക് ഉൾവലിഞ്ഞ് തടാകത്തിലെ ജലനിരപ്പ് കുറയുകയാെണന്നുമാണ് അനുമാനിച്ചിരുന്നത്. വർഷങ്ങളായി പടിഞ്ഞാറേ കല്ലടയിൽ മണൽ ഖനനം നടക്കുന്നില്ല. ഇതുകാരണവും പ്രളയവും മൂലമാണ് കഴിഞ്ഞ ഏതാനും വർഷം തടാകത്തിലെ ജലനിരപ്പ് ഉയർന്നത്. എന്നാൽ ഈ വർഷത്തെ കടുത്ത വേനലിൽ ജലനിരപ്പ് കുറയുകയായിരുന്നു.
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമായ ശാസ്താംകോട്ട തടാകത്തെ ആശ്രയിച്ച് നിരവധി കുടിവെള്ളപദ്ധതികളുണ്ട്. എന്നാൽ തടാകസംരക്ഷണത്തിന് കാര്യമായ പ്രവർത്തനങ്ങളില്ല. തടാകസംരക്ഷണത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാറുകളും വിവിധ ഏജൻസികളും കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ പ്രഖ്യാപിക്കാറുണ്ടങ്കിലും എല്ലാം ജലരേഖകളാവുകയാണ് പതിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.