ശാസ്താംകോട്ട തടാക സംരക്ഷണം; സംസ്ഥാനത്തിന് 88.85 ലക്ഷം നൽകിയെന്ന് കേന്ദ്രമന്ത്രി
text_fieldsശാസ്താംകോട്ട: ശാസ്താംകോട്ട തടാക സംരക്ഷണത്തിനും മറ്റ് അനുബന്ധ പ്രവൃത്തികൾക്കുമായി കേന്ദ്രവിഹിതമായി 88.85 ലക്ഷം രൂപ സംസ്ഥാന സർക്കാറിന് നൽകിയതായി കേന്ദ്ര പരിസ്ഥിതി സഹമന്ത്രി അശ്വിനികുമാർ ചൗബെ.
തടാക സംരക്ഷണം സംബന്ധിച്ച് കൊടിക്കുന്നിൽ സുരേഷ് എം.പി ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനൊപ്പം ഗ്ലോബൽ എൻവയൺമെന്റ് ഫെസിലിറ്റി എന്ന ബാഹ്യ ധനസഹായമുള്ള തണ്ണീർത്തട പരിസ്ഥിതി ജൈവ വൈവിധ്യ പ്രോജക്റ്റിന്റെ ഡെമോൺസ്ട്രേഷൻ സൈറ്റായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ ഭാഗമായി മറ്റൊരു 30 ലക്ഷം കൂടി അനുവദിച്ചിട്ടുണ്ട്.
ദേശീയ തണ്ണീർത്തട പരിസ്ഥിതി സംരക്ഷണ പദ്ധതിയുടെ പരിഷ്കരിച്ച സംയുക്ത നിർവഹണപദ്ധതി 2019 മുതൽ കേരള തണ്ണീർത്തട അതോറിറ്റിയുടെ കീഴിൽ നടപ്പാക്കിവരുന്നു. പരിഷ്കരിച്ച പദ്ധതിയുടെ ഭാഗമായി ക്യാച്ച്മെന്റ് ഏരിയ പരിപാലനം, ജല വിഭവ നിർവഹണം, ജൈവ വൈവിധ്യ പരിപാലനം എന്നിവയും സുസ്ഥിര തൊഴിൽ അതിജീവന പദ്ധതികളും ശാസ്താംകോട്ട തടാകത്തിന്റെ നവീകരിച്ച സംരക്ഷണ പദ്ധതിയുടെ ഭാഗമായി ഉൾക്കൊള്ളിച്ചിട്ടുണ്ട്.
കേരള തണ്ണീർത്തട അതോറിറ്റിയുടെ കീഴിൽ ശാസ്താംകോട്ട തടാകത്തിലെ മുൻകൂട്ടി സ്ഥാപിച്ച 21 സ്റ്റേഷനുകളിൽ വെച്ച് തടാകത്തിലെ വെള്ളത്തിന്റെ ഗുണനിലവാര നിർണയവും നടന്നുവരുന്നു. കേരള തണ്ണീർത്തട അതോറിറ്റിയുടെ റിപ്പോർട്ട് പ്രകാരം ശാസ്താംകോട്ട തടാകം ശോഷിക്കുകയോ ജലസംഭരണ വ്യാപ്തി ചുരുങ്ങുകയോ ചെയ്തിട്ടില്ല. എന്നാൽ, തടാകത്തിന്റെ കരകളിൽ ചില ഭാഗങ്ങളിൽ നിന്ന് മണ്ണൊലിപ്പ് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെന്നും ഇത് തടയാനുള്ള നടപടികൾ നടപ്പാക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി എം.പിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.