ശാസ്താംകോട്ട തടാകം; തീരസൗന്ദര്യവത്കരണത്തിന് സാമൂഹികവിരുദ്ധർ തടസ്സം
text_fieldsശാസ്താംകോട്ട: തടാകതീരസൗന്ദര്യവത്കരണ പദ്ധതികളുടെ നിർമാണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോൾ തടാകതീരത്ത് സാമൂഹികവിരുദ്ധശല്യം വർധിക്കുന്നതായി പരാതി. തടാകതീരത്ത് പുതിയതായി നിർമിക്കുന്ന ഇരിപ്പിടങ്ങളിൽ പാകിയ ടൈലുകൾ കല്ലുകൊണ്ട് ഇടിച്ചുതകർത്തതാണ് ഏറ്റവുമൊടുവിലത്തെ സംഭവം. മുമ്പ് തടാകതീരത്ത് പുതിയതായി സ്ഥാപിച്ചിരുന്ന വിളക്കുകാലുകൾ വാഹനം കയറ്റി മറിക്കുകയും തീരത്ത് നട്ടിരുന്ന വൃക്ഷത്തൈകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. തടാകതീരത്ത് എത്തുന്ന മദ്യപസംഘങ്ങൾ മദ്യക്കുപ്പികൾ പൊട്ടിച്ച് ചില്ലുകൾ വാരിവിതറുന്നതും കുപ്പികൾ തടാകത്തിലേക്ക് വലിച്ചെറിയുന്നതും പതിവാണ്. ഇതുകൂടാതെ ലഹരി വിൽപന, ഉപയോഗം അടക്കമുള്ള മറ്റ് സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളും രൂക്ഷമാണ്.
90 ലക്ഷം രൂപ ചെലവഴിച്ച് ജില്ല പഞ്ചായത്ത് തടാകതീരത്ത് നിരവധി സൗന്ദര്യവത്കരണ പദ്ധതികൾ നടപ്പാക്കിവരുകയാണ്. ഇവയുടെ നിർമാണം അവസാന ഘട്ടത്തിലാണ്. ഇവ പൂർത്തിയാമ്പോൾ തടാകതീരസൗന്ദര്യം ആസ്വദിക്കാൻ ആളുകൾ എത്തുമെന്നാണ് പ്രതീക്ഷ. അതിന് വിഘാതമാവുന്ന തടാകതീരത്തെ സാമൂഹികവിരുദ്ധ പ്രവർത്തനം അമർച്ചചെയ്യണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് നമ്മുടെ കായൽകൂട്ടായ്മ ഭാരവാഹികൾ ശാസ്താംകോട്ട എസ്.എച്ച്.ഒക്ക് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.