ശാസ്താംകോട്ട തടാക ദുരന്തത്തിന് നാൽപതാണ്ട്; ഓർമ പുതുക്കി നാട്
text_fieldsശാസ്താംകോട്ട: തടാക ദുരന്തത്തിന്റെ 40ാം വാർഷിക അനുസ്മരണം അമ്പലക്കടവിൽ നടന്നു. അനുസ്മരണ സമ്മേളനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ദുരന്തത്തിൽ മരിച്ചവരുടെ സ്മരണക്ക് കെ. സോമപ്രസാദ് എം.പി അനുസ്മരണ ദീപം തടാകത്തിലൊഴുക്കി.
ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഡോ. പി.കെ. ഗോപൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. ഗീത അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ഉഷാലയം ശിവരാജൻ, രജനി എന്നിവർ ദുരന്തത്തിൽ രക്ഷപ്പെട്ടവരെയും രക്ഷാപ്രവർത്തനം നടത്തിയവരെയും ആദരിച്ചു. നിസാം, അബ്ദുൽസമദ്, ജയരാജ് എന്നിവർ സംസാരിച്ചു.
തടാക ദുരന്ത അനുസ്മരണ സമിതി കൺവീനർ എസ്. ദിലീപ്കുമാർ, സിനു, സന്തോഷ്, സുനിൽ, മോനി, കപിൽ എന്നിവർ പങ്കെടുത്തു. ശാസ്താംകോട്ട കായലിൽ വള്ളം മുങ്ങി 24 പേർ മരിച്ച കായൽ ദുരന്തത്തിൽ 40 വർഷം. 1982 ജനുവരി 16ന് മകര പൊങ്കാലയുടെ തലേ ദിവസമാണ് കേരളത്തെ ആകെ നടുക്കിയ ദുരന്തമുണ്ടായത്. ശാസ്താംകോട്ടയിലെയും പരിസര പ്രദേശമായ പടി കല്ലടയിലെയും 24 പേരാണ് കായൽ ദുരന്തത്തിൽപെട്ടത്.
പടി കല്ലടയിൽനിന്ന് കാർഷികവിഭവങ്ങളും മറ്റും ശാസ്താംകോട്ടയിലെ ചന്തയിൽ വിറ്റ് വീട്ടു സാധനങ്ങളും പൊങ്കാലക്കുള്ള സാധനങ്ങളുമായി മടങ്ങിയവരാണ് മരിച്ചത്. ശാസ്താംകോട്ട അമ്പലക്കടവിൽനിന്ന് പടി കല്ലടയിലേക്ക് പോയ വള്ളമാണ് അപകടത്തിൽപെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.