ശാസ്താംകോട്ടയിലെ പാർക്ക് ഓർമയായി
text_fieldsശാസതാംകോട്ട: ശാസ്താംകോട്ട നിവാസികൾക്ക് നവ്യാനുഭവം സൃഷ്ടിച്ച ഏറെ പ്രസിദ്ധമായിരുന്ന ശാസ്താംകോട്ടയിലെ പാർക്ക് ഓർമയായി. ഉദ്ഘാടനത്തോടനുബന്ധിച്ച് വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച ശിലാഫലകം ഇപ്പോഴും പാർക്കിന്റെ ഒരു ഭാഗത്തുണ്ട്. തടാകതീരത്ത് കോളജ് റോഡിന്റെ തുടക്കത്തിൽ 1985 ഒക്ടോബറിലാണ് പാർക്ക് ഉദ്ഘാടനം ചെയ്തത്. എം.എൽ.എമാരായിരുന്ന തെന്നല ബാലകൃഷ്ണപിള്ള, കോട്ടക്കുഴി സുകുമാരൻ എന്നിവർ ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. അന്ന് കലക്ടറും ഇപ്പോൾ പശ്ചിമ ബംഗാൾ ഗവർണറുമായ സി.വി. ആനന്ദബോസിന്റെ ‘ഫയലിൽ നിന്ന് വയലിലേക്ക്’ പദ്ധതി പ്രകാരം ശാസ്താംകോട്ട സ്കൂളിലെ കുട്ടികൾക്ക് വേണ്ടിയാണ് പാർക്ക് തുടങ്ങിയത്. ഇതിന് വേണ്ടി ആവശ്യമായ റവന്യൂഭൂമി വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിരുന്നു. പൊലീസിന്റെയും വനംവകുപ്പിന്റെയും സഹകരണത്തോടെ ആരംഭിച്ച പാർക്കിൽ തണൽ മരങ്ങളും ചെടികളും വച്ച് പിടിപ്പിച്ചും മനോഹരമായി ഇരിപ്പടങ്ങൾ തയാറാക്കിയും ആകർഷകമാക്കിയിരുന്നു.
ഏറെ നാൾ പാർക്കിന്റെ പ്രവർത്തനം കാര്യക്ഷമമായി നടന്നു. കാവൽക്കാരെ ഉൾപ്പെടെ നിറുത്തിയാണ് പ്രവർത്തനം നടന്നതെങ്കിലും പിന്നീട് ഇതെല്ലാം നിശ്ചലമായി. ഏറെ നാൾ പാർക്ക് പൂട്ടിയിട്ടതോടെ സാധനങ്ങൾ നശിച്ചുപോവുകയും കുറെ സാമൂഹ്യ വിരുദ്ധർ കടത്തിക്കൊണ്ടു പോവുകയും ചെയ്തു. പാർക്ക് ഓർമയായതോടെ പിന്നീട് പാർക്കിന്റെ സ്ഥലത്ത് ബി.ആർ.സിക്ക് കെട്ടിട്ടം പണിതു. ഒരു ഭാഗത്ത് ഇപ്പോൾ ജില്ല പഞ്ചായത്തിന്റെ ഓപൺ ജിംനേഷ്യവും പണിതു. ഇനി എ.ഇ.ഒ ഓഫിസ് നിർമിക്കാനുള്ള തയാറെടുപ്പിലുമാണ് അധികൃതർ. അന്ന് നട്ട തണൽ മരങ്ങൾ കൂറ്റൻ വൃക്ഷങ്ങളായി വളർന്ന് നിൽക്കുകയും മറ്റ് ഭാഗങ്ങൾ കാടുകയറിയും കിടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.