ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനുമുന്നില്‍ വെള്ളക്കെട്ട്; യാത്രക്കാർ ദുരിതത്തിൽ
text_fieldsശാസ്താംകോട്ട: നൂറ് കണക്കിന് യാത്രക്കാർ ദിനംപ്രതി വന്നുപോകുന്ന ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനുമുന്നില്‍ വെള്ളക്കെട്ട്. പുനര്‍നിര്‍മാണം നടന്ന പഴയ സ്റ്റേഷന് കെട്ടിടത്തിനു മുന്നിലാണ് മഴയിൽ ഒഴുകിപ്പോകാതെ വെള്ളം കെട്ടിക്കിടക്കുന്നത്. അശാസ്ത്രീയമായ നിർമാണമാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് പരാതി.
വെള്ളക്കെട്ട് മൂലം യാത്രക്കാർക്ക് സ്റ്റേഷനിലേക്ക് കയറാനോ പുറത്തേക്ക് ഇറങ്ങാനോ കഴിയുന്നില്ല. സ്റ്റേഷന് വേണ്ടി സമീപത്ത് തന്നെ ഒരുവർഷം മുമ്പ് പുതിയ കെട്ടിടം പണിത് പ്രവർത്തനം അവിടേക്ക് മാറ്റിയിരുന്നു. ഈ കെട്ടിടത്തിലേക്ക് റോഡിൽ നിന്ന് പ്രവേശനമാർഗ്ഗം ഉണ്ടെങ്കിലും ഇവിടുത്തെ ഗേറ്റിൽ കൂടി യാത്രക്കാർക്ക് പ്രവേശിക്കാൻ കഴിയാത്തവിധം പൂട്ടി ഇട്ടിരിക്കുകയാണ്. എന്നാൽ, ജീവനക്കാരും അവരുടെ വാഹനങ്ങളും ഇത് വഴി കടന്ന് പോയതിന് ശേഷമാണ് ഗേറ്റ് പൂട്ടുന്നതെന്ന ആക്ഷേപവും ഉണ്ട്.
ഈ പ്രവേശനമാർഗം തുറക്കാത്തതിനാൽ സ്റ്റേഷനിൽ എത്തുന്ന ഭിന്നശേഷിക്കാരും രോഗികളുമായ യാത്രക്കാർ വളരെ ബുദ്ധിമുട്ടുകയാണ്. നിത്യവും ആയിരങ്ങള്‍ എത്തുന്ന സ്റ്റേഷനിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട് രൂപത്കരിച്ച വാട്സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ അധികൃതർക്ക് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.