ചാലായിൽ മാടൻനട ഏലായിൽ സർവേ തുടങ്ങി
text_fieldsശാസ്താംകോട്ട: മൈനാഗപ്പള്ളി പഞ്ചായത്തിലെ ചാലായിൽ മാടൻനട ഏലാ കൃഷിക്ക് ഉപയുക്തമായ നിലയിലാക്കുന്നതിന് മുന്നോടിയായി സർവേ നടപടികൾ ആരംഭിച്ചു. ഏലായിലെ എകദേശം 346 ഏക്കർ തരിശുകിടക്കുന്ന നിലം കൃഷിയോഗ്യമാക്കുന്നതിന് മുന്നോടിയായാണ് നടപടി. കാൽ നൂറ്റാണ്ടിലധികമായി തരിശായി കിടക്കുന്ന ഏലായാണിത്. മൈനർ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിലാണ് നിലം യോഗ്യമാക്കുന്നതിനുള്ള സർവേ തുടങ്ങിയത്. പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ കൃഷി, ഇറിഗേഷൻ, തദ്ദേശ സ്വയംഭരണം, തൊഴിലുറപ്പ് തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ച് നവകേരളം കർമപദ്ധതി പ്രകാരമാണ് കൃഷി നടത്തുന്നത്.
പാടശേഖരസമിതികളുമായി ചേർന്ന് കൃഷിയിറക്കാനാണ് നിലവിൽ പദ്ധതി. നിലവിൽ എത്ര ഹെക്ടർ നിലമുണ്ടെന്ന് കണ്ടെത്തുന്നതിനാണ് ആദ്യം ശ്രമിക്കുന്നത്. ഇതിനായാണ് സർവേ നടപടികൾ ആരംഭിച്ചിട്ടുള്ളത്. സർവേ അനുസരിച്ച് ഭാവിയിൽ സമഗ്ര നെൽകൃഷി പദ്ധതിയിലുൾപ്പെടുത്തി തുക അനുവദിക്കുന്നതിനാണ് ആലോചന. മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ്, ചാലായിൽ മാടൻനട ഏലാസമിതി പ്രസിഡന്റും വാർഡ് അംഗവുമായ ആർ. ബിജുകുമാർ, പഞ്ചായത്ത് അംഗങ്ങളായ ഷീബ സിജു, ബിജികുമാരി, മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനീയർ ഉഷാകുമാരി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.