റോഡ് തകർന്നത് അപകടക്കെണിയായി
text_fieldsശാസ്താംകോട്ട: മൂന്ന് പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന കുമരഞ്ചിറ- കോട്ടയ്ക്കകത്ത് മുക്ക് റോഡ് തകർന്ന് അപകടക്കെണിയാകുന്നു. സ്വകാര്യ ബസുകൾ അടക്കം നിരവധി വാഹനങ്ങൾ സർവിസ് നടത്തുന്ന ഈ റോഡിൽ ടാറിന്റെ അംശം പോലുമില്ല. റോഡിന് കുറുകെ വലിയ ഓട പോലെയാണ് കുഴികൾ. കാൽനടയാത്ര പോലും അസാധ്യമായ റോഡിൽ കുഴികളിൽ വീണുള്ള അപകടങ്ങൾ വർധിക്കുകയാണ്.
വാഹനങ്ങൾക്ക് തകരാറും സംഭവിക്കുന്നു. സ്വകാര്യബസുകളിൽ പലതും സർവിസ് നിർത്തിെവച്ചിരിക്കുന്നതിനാൽ സ്കൂൾ തുറക്കുന്നതോടെ മേഖലയിൽ യാത്രാക്ലേശം രൂക്ഷമാകും. നൂറുകണക്കിന് കുട്ടികളാണ് ദിവസവും ഇതുവഴി സൈക്കിളിൽ സഞ്ചരിക്കുന്നത്. മഴയിൽ കുഴികളിൽ വെള്ളം നിറയുന്നതോടെ അപകടങ്ങളുടെ എണ്ണവും വർധിക്കും.
കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ-കുമരഞ്ചിറ-ഭരണിക്കാവ് പ്രധാന പാതയാണ് വർഷങ്ങളായി തകർന്നുകിടക്കുന്നത്. കുന്നത്തൂർ, ശൂരനാട് ജില്ല പഞ്ചായത്ത് ഡിവിഷൻ പരിധിയിൽ വരുന്ന റോഡിന്റെ ശോച്യാവസ്ഥ ജില്ല പഞ്ചായത്ത് അംഗങ്ങളും പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരും കണ്ടില്ലെന്ന മട്ടാണ്.
റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ശൂരനാട് തെക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ വിളിച്ചുകൂട്ടി ശക്തമായ സമരം ആരംഭിക്കുമെന്ന് വൈസ് പ്രസിഡന്റ് അഖിൽനാഥ് ഐക്കര അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.