കനാൽ വൃത്തിയാക്കാതെ വെള്ളം തുറന്നുവിട്ടു
text_fieldsശാസ്താംകോട്ട: വൃത്തിയാക്കുന്ന ജോലികൾ നീളുന്നതിനിടെ കുന്നത്തൂർ താലൂക്കിലെ കെ.ഐ.പി കനാലുകളിലൂടെ വെള്ളം തുറന്നുവിട്ടു. അതിനാൽ വെള്ളമൊഴുക്ക് തടസ്സപ്പെടാനും സാധ്യതയേറി. ഒഴുകിയെത്തുന്ന മാലിന്യം കനാലിലെ കാടുകളിൽ തട്ടിനിന്ന് ജലമൊഴുക്ക് തടസ്സപ്പെടുന്നുണ്ട്.
കഴിഞ്ഞ ദിവസം ഏഴംകുളത്തെ ഷട്ടർ തുറന്നതോടെയാണ് താലൂക്കിൽ വെള്ളമെത്തിയത്. ഇത്തവണ ഏറെ വൈകിയാണ് കനാൽ തുറന്നത്. ചൂട് കടുത്തതോടെ പലഭാഗത്തും കുടിവെള്ള ക്ഷാമം രൂക്ഷമായി.
കനാൽ വഴിയെത്തുന്ന വെള്ളം ഉറവകളായെത്തി സമീപത്തെ കിണറുകളും കുളങ്ങളും മറ്റ് ജലാശയങ്ങളും ജലസമൃദ്ധമാകും. ഇത് ജലക്ഷാമത്തിന് പരിഹാരമാകും. ഏഴ് പഞ്ചായത്തുകളിലായി പ്രധാന കനാലുകളും നിരവധി ഉപകനാലുകളുമായി 240 കിലോമീറ്ററോളം നീളത്തിൽ കനാൽ വ്യാപിച്ച് കിടക്കുന്നു.
നല്ല രീതിയിൽ മുഴുവൻ മാലിന്യങ്ങളും നീക്കംചെയ്ത് കാട് വെട്ടിത്തെളിച്ച ശേഷമാണ് സാധാരണ കനാൽ തുറന്നുവിടുന്നത്. ഡിസംബർ-ജനുവരി മാസങ്ങളിൽ വൃത്തിയാക്കുന്ന ജോലികൾ തുടങ്ങാറാണ് പതിവ്. എന്നാൽ, ഇത്തവണ കനാൽ ശുചീകരണം പേരിന് മാത്രമാക്കി ഒതുക്കി.
രണ്ടാഴ്ച മുമ്പാണ് ശുചീകണ പ്രവൃത്തികൾ തുടങ്ങിയത്. ഇത്തവണ വെള്ളം ഒഴുകുന്ന ഭാഗങ്ങളിലെ പുല്ല് ചെത്തുക മാത്രമാണ് ചെയ്തത്. ഉപകനാലുകൾ നിറയെ കാട് നിറഞ്ഞുകിടക്കുകയാണ്. മണ്ണും മാലിന്യങ്ങളും പലയിടത്തും അടിഞ്ഞുകിടക്കുകയുമാണ്.
നേരത്തേ കെ.ഐ.പി നേരിട്ടായിരുന്നു കനാൽ ശുചീകരണ ജോലികൾ നടത്തിയിരുന്നത്. ഇത് വലിയ സാമ്പത്തിക ബാധ്യതയും അഴിമതിയുമായതിനാൽ നിർത്തലാക്കി. പിന്നീട് കഴിഞ്ഞ കുറെ വർഷങ്ങളായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കനാൽ വൃത്തിയാക്കൽ നടന്നുവന്നത്. അതാത് പ്രദേശത്തെ പഞ്ചായത്തുകളുടെ നിയന്ത്രണത്തിലായിരുന്നു.
എന്നാൽ, ഈ വർഷം വൃത്തിയാക്കൽ ജോലികൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയില്ല. കെ.ഐ.പി തന്നെ കരാർ നൽകി കനാലിന്റെ വെള്ളമൊഴുകുന്ന ഭാഗത്തെ കാടുകൾ മാത്രം വൃത്തിയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.