ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ പാർക്കിങ് നിർമാണം പൂർത്തിയായി
text_fieldsശാസ്താംകോട്ട: റെയിൽവേ സ്റ്റേഷൻ വികസനത്തിന്റെ ഭാഗമായുള്ള നവീകരണവുമായി ബന്ധപ്പെട്ട് ശാസ്താംകോട്ട സ്റ്റേഷനിലെ പാർക്കിങ് ഏരിയകളുടെ നിർമാണം പൂർത്തിയായതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. 96.47 ലക്ഷം രൂപ ചെലവിലാണ് കാർ, ഓട്ടോ, ബൈക്ക്, സൈക്കിൾ എന്നിവ പാർക്ക് ചെയ്യുന്നതിനായി മെറ്റൽ വിരിച്ച് ടാർ ചെയ്ത പാർക്കിങ് ഏരിയ നിർമിച്ചത്.
കാറുകളുടെ പാർക്കിങ്ങിനായി 600 സ്ക്വയർ മീറ്റർ സ്ഥലവും ബൈക്കുകളുടെ പാർക്കിങ്ങിനായി 750 സ്ക്വയർ മീറ്റർ സ്ഥലവുമാണ് ക്രമീകരിച്ചിരിക്കുന്നത്. 40 കാറുകളും 180 ബൈക്കുകളും പാർക്ക് ചെയ്യാൻ കഴിയും.
സ്റ്റേഷന് നവീകരണവുമായി ബന്ധപ്പെട്ട് നിലവിൽ പ്ലാറ്റ്ഫോമുകളിൽ മിനി ഷെൽട്ടറുകളും ഇതിനോടകം സ്ഥാപിച്ചു. കരുനാഗപ്പള്ളി ഭാഗത്തേക്കുള്ള ലെവൽ ക്രോസിന് പകരമായി അടിപ്പാത നിർമിക്കണമെന്ന ആവശ്യവും റെയിൽവേയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. 2024- 2025 സാമ്പത്തിക വർഷത്തിൽ അമൃത ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റേഷൻ കെട്ടിടത്തിന്റെ പുതുക്കിപ്പണിയൽ, പ്ലാറ്റ്ഫോമുകളുടെ നവീകരണം, ഇരു പ്ലാറ്റ്ഫോമുകളിലുമായി ലിഫ്റ്റ് സ്ഥാപിക്കൽ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവക്ക് ആവശ്യമായ അനുകൂല നിലപാടിനായി റെയിൽവേ മന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ടെന്നും കൊടിക്കുന്നിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.