മൈനാഗപ്പള്ളി വില്ലേജ് വിഭജിക്കണമെന്ന ആവശ്യം ശക്തം
text_fieldsശാസ്താംകോട്ട: വിസ്തൃതി കൊണ്ടും ജനസംഖ്യ കൊണ്ടും ജില്ലയിലെ വലിയ വില്ലേജായ മൈനാഗപ്പള്ളി വിഭജിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും നടപടിയില്ല. ഇതുമൂലം ജനങ്ങളും ഉദ്യോഗസ്ഥരും ബുദ്ധിമുട്ടുകയാണ്.
മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പൂർണമായും ഉൾപ്പെടുന്നതാണ് വില്ലേജും. 22 വാർഡുകളും 22.42 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുമുണ്ട്. 50,000ന് മുകളിലാണ് ജനസംഖ്യ. അറുപതിനായിരത്തിലധികം തണ്ടപ്പേരുകളുമുണ്ട്. വിവിധ ആവശ്യങ്ങൾക്കും സർട്ടിഫിക്കറ്റുകൾക്കുമായി ദിനംപ്രതി വില്ലേജ് ഓഫിസിലെത്തുന്നവർ നൂറുകണക്കിന് പേരാണ്. എല്ലായിപ്പോഴും തിരക്കായതിനാൽ ഉദ്യോഗസ്ഥരും വലയുന്നു.
ഓഫിസ് സ്ഥിതിചെയ്യുന്നത് വില്ലേജിന്റെ ഏകദേശം മധ്യ ഭാഗത്തായിട്ടാണെങ്കിലും എല്ലാ മേഖലയിലുംപെട്ടവർക്ക് ഇവിടെയെത്താൻ കിലോമീറ്ററുകളോളം സഞ്ചരിക്കണം. യാത്രാസൗകര്യം കുറവായ വടക്കൻ മൈനാഗപ്പള്ളിയിൽനിന്നും കോവൂരിൽനിന്നും എത്തിച്ചേരുന്നത് ഏറെ പ്രയാസകരമാണ്. തെക്ക് തേവലക്കര മുതൽ വടക്ക് ശൂരനാട് കിടങ്ങയം വരെയും പടിഞ്ഞാറ് കല്ലുകടവ് പള്ളിക്കലാറ് മുതൽ കിഴക്ക് ശാസ്താംകോട്ട പഞ്ചായത്തിന്റെ പള്ളിശ്ശേരിക്കൽ - ആഞ്ഞിലിമൂട് വരെയുമാണ് വില്ലേജിന്റെ അതിർത്തി.
വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും നിരന്തരം ആവശ്യപ്പെടുന്ന കാര്യമാണ് വില്ലേജ് വിഭജനം. താലൂക്ക് വികസന സമിതിയിലും ആവശ്യം ഉന്നയിക്കപ്പെടാറുണ്ട്. മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് നിരവധി തവണ പ്രമേയം പാസാക്കിയിട്ടുമുണ്ട്. വില്ലേജ് വിഭജിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കലക്ടർ സർക്കാറിന് റിപ്പോർട്ട് നൽകുകയും ചെയ്തിട്ടുണ്ട്. 2021ൽ പുതിയ വില്ലേജ് ഓഫിസിന്റെ ഉദ്ഘാടനത്തിനെത്തിയ റവന്യൂ മന്ത്രിയുടെ ശ്രദ്ധയിലും വിവരം ധരിപ്പിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.