വയോധിക മുങ്ങിത്താണു; രക്ഷകരായി പൊതുപ്രവർത്തകനും സുഹൃത്തുക്കളും
text_fieldsശാസ്താംകോട്ട: ശൂരനാട് വടക്ക് പള്ളിക്കലാറ്റിലെ മാവേലികടവിൽ കുളിക്കുന്നതിനിടെ മുങ്ങിത്താണ വയോധികയെ പൊതുപ്രവർത്തകനും സുഹൃത്തുക്കളും ചേർന്ന് രക്ഷപ്പെടുത്തി. ശൂരനാട് വടക്ക് നടുവിലേമുറി സ്വദേശി ഭവാനിമ്മയാണ് (75) നിലയില്ലാക്കയത്തിൽ അകപ്പെട്ടത്. ഞായറാഴ്ച രാവിലെ 7.30 ഓടെയായിരുന്നു സംഭവം. ഇതുവഴി പോയവർ ഉച്ചത്തിലുള്ള നിലവിളി കേട്ട് നോക്കുമ്പോഴാണ് മരണത്തിനും ജീവിതത്തിനുമിടയിൽ പിടയുന്ന വയോധികയെ കാണുന്നത്. സ്ഥലത്തെത്തിയ പൊതുപ്രവർത്തകനായ ശൂരനാട് സുവർണൻ, സുഹൃത്തുക്കളായ രാജീവ്, സതീശൻ എന്നിവർ ആറ്റിലേക്ക് ചാടി രക്ഷപ്പെടുത്തി കരയിൽ എത്തിക്കുകയായിരുന്നു. സംഭവമറിഞ്ഞ് ശൂരനാട് പൊലീസും സ്ഥലത്തെത്തിയിരുന്നു. ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വയോധിക അപകടനില തരണം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.