ഉമ്മൻ ചാണ്ടി താൽപര്യമെടുത്ത തടാകസംരക്ഷണം ഒന്നുമാകാതെ ഇന്നും
text_fieldsശാസ്താംകോട്ട: കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട കായലിന്റെ സംരക്ഷണത്തിന് മുഖ്യമന്ത്രി എന്ന നിലയിൽ ഉമ്മൻ ചാണ്ടി ഏറെ താൽപര്യം എടുത്തിരുന്നങ്കിലും ഒന്നുമാകാതെ പോയി.
അമിതമായ ജലചൂഷണവും കല്ലടയിലെയും ചേലൂർ കായലിലെയും പരിധിവിട്ടുള്ള കരമണൽ ഖനനവും മൂലം തടാകത്തിലെ ജലനിരപ്പ് ഭീതിജനകമായ രീതിയിൽ താഴ്ന്നിരുന്നു. കുടിവെള്ള വിതരണം പോലും പ്രതിസന്ധിയിലായ കാലഘട്ടത്തിൽ നിരവധി സംഘടനകൾ ശക്തമായ പ്രതിഷേധ സമരങ്ങൾ ആരംഭിച്ചിരുന്നു.
2013ൽ ഒരുമാസം നീണ്ട നിരാഹാര സമരം ആരംഭിച്ചതോടെയാണ് ഉമ്മൻ ചാണ്ടി പ്രശ്നത്തിൽ ഇടപെടുന്നത്. അദ്ദേഹത്തിന്റെ നിർദേശപ്രകാരം വിദഗ്ധ സംഘം തടാകവും പരിസരവും പഠിച്ച് മാനേജ്മെന്റ് ആക്ഷൻപ്ലാന്‍ തയാറാക്കി. തുടർന്ന് 2013 ജൂണ്‍ 14ന് മുഖ്യമന്ത്രിയും ഒരു സംഘം ഉദ്യോഗസ്ഥരും ശാസ്താംകോട്ടയിൽ എത്തി തടാകസംരക്ഷണത്തിന് 33.5 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു.
കല്ലടയാറ്റില്‍ തടയണ കെട്ടി അവിടെനിന്ന് ജലം ശാസ്താംകോട്ട ഫില്‍ട്ടര്‍ ഹൗസിലെത്തിച്ച് ശുദ്ധീകരിച്ച് കൊല്ലം നഗരത്തിന് അടക്കം ജല വിതരണം ചെയ്യുന്നതായിരുന്നു മുഖ്യ പദ്ധതി. തടാകസംരക്ഷണത്തിന് മറ്റ് വിവിധ പദ്ധതികളും പ്രഖ്യാപിച്ചു. എന്നാല്‍ ജല അതോറിറ്റിയുടെ തന്നെ തടസ്സവാദവും ഉത്സാഹക്കുറവും പദ്ധതി വൈകിച്ചു. പിന്നെ 2016ല്‍ ഉമ്മന്‍ചാണ്ടി തന്നെ ഇടപെട്ട് ഇത് പുനരുജ്ജീവിപ്പിച്ചു. കടപുഴ മുതൽ ശാസ്താംകോട്ട വരെ അഞ്ച് കിലോമീറ്റർ ദൂരത്തിൽ പൈപ്പുകൾ സ്ഥാപിച്ചങ്കിലും പിന്നീട് പദ്ധതി ഉപേക്ഷിച്ചു. ഇതിന് വേണ്ടി ഇറക്കി െവച്ച പൈപ്പുകള്‍ ഇന്നും തടാകത്തിന്റെ കിഴക്കന്‍ തീരത്ത് അനാഥാവസ്ഥയിലുണ്ട്.
ആര്‍ജവത്തോടെ ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ച പദ്ധതിക്കുപിന്നിലെ പല താല്പര്യങ്ങള് അത് അട്ടിമറിക്കപ്പെടുകയായിരുന്നുവെന്ന് പറയുന്നു. കല്ലടയാറ്റിലെ അടക്കം മണൽഖനനം നിരോധിക്കപ്പെടുകയും 2018 മുതൽ ശക്തമായ മഴ ലഭിക്കുകയും ചെയ്തതോടെ തടാകത്തിലെ ജലനിരപ്പ് മെച്ചപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ തടാകസംരക്ഷണം ഇന്ന് എല്ലാവരും മറന്ന മട്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.