പരിക്കേറ്റ മരംകയറ്റ തൊഴിലാളിക്ക് ദുരിതജീവിതം; ചികിത്സ സഹായം തേടുന്നു
text_fieldsശാസ്താംകോട്ട: ചികിത്സക്കാവശ്യമായ ഒരു ലക്ഷം രൂപ സ്വരൂപിക്കാനാകുന്നില്ല, മരത്തിൽനിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ മരംകയറ്റ തൊഴിലാളിക്ക് ദുരിതജീവിതം. ബന്ധുവിന്റെ വീടായ മൈനാഗപ്പള്ളി കടപ്പ പാറപ്പുറത്ത് വീട്ടിൽ കഴിയുന്ന ബാബുക്കുട്ടനാണ് (54) ഓപറേഷനുവേണ്ടി പണം കണ്ടെത്താനാകാതെ ദുരിതജീവിതം നയിക്കുന്നത്.
ജൂൺ ഒമ്പതിനാണ് മരം മുറിക്കുന്നതിനിടെ ബാബുക്കുട്ടൻ മരത്തിൽനിന്ന് വീണത്. നട്ടെല്ലും ഇടുപ്പെല്ലുകളും കാലിന്റെ തുടയെല്ലുകളും തകർന്നതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തതിനാൽ റേഷൻ കാർഡോ ആരോഗ്യ ഇൻഷുറൻസ് കാർഡുകളോ ഇല്ല. ഇതിനാൽ ഓപറേഷന് വേണ്ടുന്ന സാധനങ്ങൾ പുറത്തുനിന്ന് വാങ്ങാൻ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു. ഒരുലക്ഷം രൂപയോളമാവുന്ന തുക ഒരാഴ്ചയോളമായിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ഓപറേഷൻ നടത്താതെ നാട്ടിലേക്ക് മടങ്ങി.
സ്വന്തമായി സ്ഥലവും വീടും ഇല്ലാത്തതിനാൽ ബന്ധുവിന്റെ വീട്ടിലെ കാലിത്തൊഴുത്ത് തുണികൾകൊണ്ട് മറച്ചാണ് ഇപ്പോൾ താമസം. എത്രയും വേഗം ഓപറേഷൻ നടത്തണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.
എന്തു ചെയ്യണമെന്നറിയാതെ ഉഴലുകയാണ് കുടുംബം. ശാരദയാണ് ഭാര്യ. കുട്ടികളില്ല. ഇവരുടെ ദുരിതം അറിഞ്ഞ് കുറ്റിയിൽമുക്കിലെ യുവജനങ്ങളുടെ നേതൃത്വത്തിൽ തുക കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഗൂഗ്ൾ പേ നമ്പർ: 7034095743. അക്കൗണ്ട് നമ്പർ: എസ്.ബി.ഐ ശാസ്താംകോട്ട: 38581479033. ഐ.എഫ്.എസ്.സി SBIN0070450.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.