ഉറക്കംകെടുത്തിയ കുരങ്ങ് ഒടുവിൽ കൂട്ടിലായി
text_fieldsശാസ്താംകോട്ട: കഴിഞ്ഞ അഞ്ചുമാസക്കാലം ശൂരനാട് വടക്ക് കണ്ണമം, കുന്നിരാടം പ്രദേശത്തെ ജനങ്ങളുടെ സ്വൈരം കെടുത്തിവന്ന കുരങ്ങിന്റെ പരാക്രമത്തിന് അറുതിയായി. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുരങ്ങ് പെടുകയായിരുന്നു. കുരങ്ങ് കാർഷികവിളകൾ, വാട്ടർ ടാങ്ക്, പൈപ്പ്, കഴുകി ഇട്ടിരിക്കുന്ന തുണികൾ, വീട്ടുസാധനങ്ങൾ എന്നിവ നശിപ്പിക്കുന്നത് പതിവായിരുന്നു. കുരങ്ങിനെ പിടികൂടണമെന്ന് പ്രദേശവാസികൾ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാർ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുകയും വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ചെയ്തു. രണ്ടുദിവസംമുമ്പ് കോന്നിയിൽ നിന്നെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ കുരങ്ങിനെ പിടികൂടുന്നതിനായി കുന്നിരാടത്ത് കൂട് സ്ഥാപിച്ചു.
ശനിയാഴ്ച ഉച്ചയോടെ കൂടിനുള്ളിൽ കരുതിയിരുന്ന പഴം എടുക്കുന്നതിനായി എത്തിയ കുരങ്ങ് കെണിയിൽപെടുകയായിരുന്നു. ഇതറിഞ്ഞ പ്രദേശത്തെ നിരവധി ആളുകൾ കുരങ്ങനെ അടുത്തുകാണാനെത്തി. വനം വകുപ്പ് ഉദ്യോഗസ്ഥർ വൈകീട്ടോടെ സ്ഥലത്തെത്തി കുരങ്ങിനെ ഏറ്റെടുത്തു. കോന്നി സ്ട്രൈക്കിങ് ഫോഴ്സിലെ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ആർ. ദിൻഷിനെ പ്രദേശവാസികൾക്കുവേണ്ടി പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു.
പഞ്ചായത്തംഗം അഞ്ജലി നാഥ്, ശാസ്താംകോട്ട മുൻ ഗ്രാമപഞ്ചായത്ത് അംഗം എസ്. ദിലീപ് കുമാർ, അരുൺ ഗോവിന്ദ്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ ഡി. രാജേഷ്, സുധീഷ്, ലാലു എസ്. കുമാർ, മഞ്ജിത്ത് എന്നിവർ ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.