പൈപ്പിടൽ നിർത്തി; മൈനാഗപ്പള്ളി കുടിവെള്ള പദ്ധതി പ്രതിസന്ധിയിൽ
text_fieldsശാസ്താംകോട്ട: മൈനാഗപ്പള്ളി കുടിവെള്ള പദ്ധതിയുടെ ജലവിതരണത്തിനുള്ള പൈപ്പിടൽ നിർത്തിെവച്ചതോടെ ജലവിതരണം അനിശ്ചിതത്വത്തിൽ. ഒരുമാസം മുമ്പാണ് പൈപ്പിടൽ ആരംഭിച്ചത്. തുടർന്ന് പണി നിർത്തിവെക്കുകയായിരുന്നു. മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ പൂർണമായി കുടിവെള്ള വിതരണം സാധ്യമാക്കാൻ കഴിയുന്ന പദ്ധതിയുടെ മറ്റ് ജോലികളെല്ലാം ഏറക്കുറെ പൂർത്തിയായിട്ടുണ്ട്.
വിതരണ പൈപ്പുകൾ സ്ഥാപിക്കാൻ കിഫ്ബിയുടെയും പി.ഡബ്ല്യു.ഡിയുടെയും അനുമതി ലഭിച്ചിട്ടില്ല. കരുനാഗപ്പള്ളി-ശസ്താംകോട്ട പ്രധാന റോഡിൽ ഐ.സി.എസ് മുകളുംപുറം മുതൽ മൈനാഗപ്പള്ളി റെയിൽവേ ഗേറ്റ് വരെയാണ് പ്രധാന കുടിവെള്ള വിതരണ പൈപ്പുകൾ സ്ഥാപിക്കേണ്ടത്. റോഡിന്റെ നിയന്ത്രണാവകാശം കിഫ്ബിക്കും പി.ഡബ്ല്യു.ഡിക്കും ആയതിനാൽ റോഡ് കുഴിച്ച് പൈപ്പ് ഇടാൻ അനുമതി നൽകുന്നില്ല.
കുന്നത്തൂർ താലൂക്കിൽ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പഞ്ചായത്തുകളിലൊന്നാണ് മൈനാഗപ്പള്ളി. ഇവിടത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുവേണ്ടിയാണ് 2019-20 ലെ വാട്ടർ അതോറിറ്റിയുടെ പ്ലാൻ ഫണ്ട്, കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ട്, മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ െഡപ്പോസിറ്റ് ഫണ്ടും ഉൾപ്പെടെ 6.1 കോടി രൂപയുടെ പദ്ധതി തയാറാക്കിയത്.
തുടർന്ന് മൈനാഗപ്പള്ളി പബ്ലിക് മാർക്കറ്റിൽ 15.29 ലക്ഷം ലിറ്റർ ശേഷിയുള്ള കൂറ്റൻ ഓവർ ഹെഡ് ടാങ്കും നിർമിച്ചു. മറ്റ് റോഡുകളിലെല്ലാം പൈപ്പുകൾ സ്ഥാപിക്കുകയും വീടുകളിലേക്കുളള കണക്ഷനുകൾ നൽകുകയും ചെയ്തു. ശാസ്താംകോട്ട വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്ന് ഐ.സി.എസിലെ നിലവിലുള്ള ഓവർ ഹെഡ് ടാങ്കിലേക്കുള്ള പൈപ്പുകളും സ്ഥാപിച്ചിരുന്നു.
പൈപ്പിടൽ നടത്തുന്നതിനെ സംബന്ധിച്ച് ചർച്ച ചെയ്യാൻ ജനപ്രതിനിധി-ഉദ്യോഗസ്ഥ ചർച്ച നടത്താൻ നിരവധി തവണ യോഗം വിളിെച്ചങ്കിലും ഉദ്യോഗസ്ഥർ എത്തിയില്ല.
ഒരുമാസം മുമ്പ് കോവൂർ കുഞ്ഞുമോൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി, മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ് എന്നിവരുടെ നിർദേശപ്രകാരമാണ് പൈപ്പ് ഇടുന്നതിനുള്ള പണികൾ ആരംഭിച്ചത്.
ജലവിഭവമന്ത്രിയുടെ വാക്കാലുള്ള അനുമതിയും ഇതിനുണ്ടായിരുന്നു. എന്നാൽ രണ്ടുദിവസം കഴിഞ്ഞ് തങ്ങൾക്കെതിരെ നടപടി ഉണ്ടാകും എന്ന കാരണം പറഞ്ഞ് ഉദ്യോഗസ്ഥർ പണി നിർത്തിെവക്കാൻ നിർദേശം നൽകുകയാണുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.